ബ്രഹ്മപുരം തീപിടിത്തം,​ കൊച്ചിയിൽ നാളെയും മറ്റന്നാളും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്ക് അവധി,​ പൊതുപരീക്ഷകൾക്ക് മാറ്റമില്ല

Wednesday 08 March 2023 7:24 PM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്ക് നാളെയും മറ്റന്നാളും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. തീപിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി.

വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്,​ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്,​ കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്,​ തൃക്കാക്കര മുനിസിപ്പാലിറ്റി,​ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി,​ മരട് മുനിസിപ്പാലിറ്റി,​ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 9,​ 10 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ,​ കിന്റർഗാർട്ടൻ,​ ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ,​ എയ്‌ഡഡ് ,​ അൺ എയ്‌ഡഡ്,​ സി.ബി.എസ്.ഇ ,​ ഐ.സി.എസ്. ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ്.എസ്.എൽ.സി,​ ഹയർ സെക്കൻഡറി പരീക്ഷ ഉൾപ്പെടെ പൊതുപരീക്ഷകൾക്ക് മാറ്റമില്ല.