കോൺ.ജില്ലാ, ബ്ലോക്ക് തല പുനഃസംഘടന ഒരാഴ്ചയ്ക്കകം

Thursday 09 March 2023 12:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ, ബ്ലോക്ക് തല കോൺഗ്രസ് പുന:സംഘടന ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു. കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെയും യോഗത്തിന് ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികകൾ ഉടൻ കൈമാറാൻ ഡി.സി.സികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നിന്ന് പട്ടികകൾ ലഭിച്ചു. സർക്കാരിനെതിരായ സമരമൊഴിഞ്ഞ് മറ്റ് പരിപാടികൾക്ക് സമയം കിട്ടാത്തതിനാലാണ് പുന:സംഘടന വൈകുന്നത്.എം.കെ. രാഘവൻ എം.പി നടത്തിയ പരസ്യപ്രസ്താവന ശരിയായ സമയത്തും സന്ദർത്തിലുമായിരുന്നില്ല. എ.ഐ.സി.സിയുടെ ഭാഗമായ അദ്ദേഹത്തിന് പ്ലീനറി സമ്മേളനത്തിൽ അഭിപ്രായം പറയാമായിരുന്നു. പുറത്ത് പറഞ്ഞത് അനുചിതമായി. നടപടി എ.ഐ.സി.സിയുമായി ആലോചിച്ച് തീരുമാനിക്കും.

പിരിച്ചുവിടേണ്ടത് കോർപ്പറേഷനെ

ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷിക്കണം. 54 കോടിയുടെ അഴിമതിയാണവിടെ നടന്നത്. കോർപ്പറേഷൻ യോഗത്തിൽ നേരത്തേ യു.ഡി.എഫ് അഴിമതിയെക്കുറിച്ച് ചൂണ്ടിക്കാട്ടിയതാണ്. ജില്ലാ കളക്ടറെയല്ല, കോർപ്പറേഷനെയാണ് പിരിച്ചുവിടേണ്ടത്.

വൈക്കം സത്യഗ്രഹ വാർഷികം

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ഒരു വർഷം നീളുന്ന പരിപാടികളോടെ കെ.പി.സി.സി ആഘോഷിക്കും. 30ന് വൈക്കം കായലോരത്ത് ചേരുന്ന പൊതുസമ്മേളനം എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും.

28നും 29നുമായി അഞ്ച് പ്രചരണജാഥകൾ ആരംഭിക്കും. തമിഴ്നാട്ടിൽ ഇ.വി. രാമസ്വാമി നായ്ക്കരുടെ ജന്മസ്ഥലമായ ഈറോഡിൽ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് രാമസ്വാമി നായ്ക്കരുടെ ചെറുമകൻ ഇ.വി.കെ.എസ്. ഇളങ്കോവൻ നേതൃത്വം നൽകും. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലുള്ള കേരള നവോത്ഥാന യാത്ര അരുവിപ്പുറത്ത് നിന്നാരംഭിക്കും. ചെട്ടിക്കുളങ്ങര ടി.കെ. മാധവന്റെ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള ജാഥയ്ക്ക് അടൂർ പ്രകാശും, മലബാറിൽ നിന്നുള്ള ജാഥയ്ക്ക് ടി. സിദ്ദിഖും, കോഴഞ്ചേരിയിൽ നിന്നുള്ള ജാഥയ്ക്ക് ആന്റോ ആന്റണിയും നേതൃത്വം നൽകും. എല്ലാ ജാഥകളും 29ന് വൈക്കത്ത് സമാപിക്കും.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ 13ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും. 138 രൂപ ചലഞ്ച് ഊർജിതമാക്കുമെന്നും സുധാകരൻ പറഞ്ഞു.

Advertisement
Advertisement