കെ.പി.സി.സി പുന:സംഘടന: കൂടിയാലോചനയില്ലെന്ന് തുറന്നടിച്ച് കൊടിക്കുന്നിൽ

Thursday 09 March 2023 12:39 AM IST

■50% സംവരണ വ്യവസഥ പിലിക്കണം

തിരുവനന്തപുരം: കെ.പി.സി.സിയിലേക്ക് അറുപത് പേരെ പുതുതായി നോമിനേറ്റ് ചെയ്തുള്ള പട്ടിക തയാറാക്കിയത് പാർട്ടിയിൽ കൂടിയാലോചനകളില്ലാതെയാണെന്ന് കെ.പി.സി.സി ഭാരവാഹി യോഗത്തിൽ തുറന്നടിച്ച് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. അർഹരായവർ തഴയപ്പെടുന്നുവെന്നും നേതൃത്വത്തിനെതിരെ അദ്ദേഹം വിമർശിച്ചു.

കെ.പി.സി.സി പട്ടികയിൽ ഉൾപ്പെട്ടവരേക്കാൾ യോഗ്യരായവർ പുറത്തുണ്ട്. .ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ, പാർട്ടിയിൽ നല്ല അന്തരീക്ഷമുണ്ടാകാനാവശ്യമായ സമവായങ്ങൾ ഉണ്ടാവണം. ഒരു വിഭാഗം അസ്വസ്ഥമാകുന്നത് പ്രവർത്തനത്തെ ബാധിക്കും. ഗ്രൂപ്പ് വേണ്ടെന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നു. എന്നാൽ പ്രധാന നേതാക്കളുടെ താല്പര്യങ്ങളും സംരക്ഷിക്കപ്പെടണം.ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുന:സംഘടനാ പട്ടിക തയാറാക്കുമ്പോൾ റായ്പൂർ എ.ഐ.സി.സി പ്ലീനറി അംഗീകരിച്ച ഭരണഘടനാ ഭേദഗതി ഉറപ്പാക്കണം.പട്ടികജാതി,പട്ടികവർഗ, പിന്നാക്കക്കാർക്കും വനിതകൾക്കും പാർട്ടി പദവികളിൽ 50 ശതമാനം നീക്കിവയ്ക്കാനാണ് ഭേദഗതി.

കൊടിക്കുന്നിലിന്റെ ചില വാദങ്ങളോട് വി.ടി. ബൽറാമും കെ. ജയന്തും വിയോജിച്ചപ്പോൾ കൂടിയാലോചന വേണമെന്ന അഭിപ്രായത്തെ എ.എ. ഷുക്കൂറും ബി. ബാബു പ്രസാദും പിന്തുണച്ചു.എല്ലാവരെയും വിശ്വാസത്തിലെടുത്തും എല്ലാവർക്കും പരിഗണന ഉറപ്പാക്കിയും മാത്രമേ പാർട്ടി മുന്നോട്ട് പോകൂവെന്ന് പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.