ഏഷ്യാനെറ്റ്: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Thursday 09 March 2023 12:53 AM IST

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത ചമച്ചെന്ന പി.വി.അൻവർ എം.എൽ.എയുടെ പരാതിയിൽ വെള്ളയിൽ പൊലീസെടുത്ത കേസിൽ ഏഷ്യാനെറ്റിലെ നാല് ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് (പോക്‌സോ) വെള്ളിയാഴ്ച പരിഗണിക്കും. പൊലീസ് റിപ്പോർട്ട് വൈകിയതിനാലാണ് കേസ് മാറ്റിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.കെ.സുനിൽകുമാർ റിപ്പോർട്ടിനായി സമയമാവശ്യപ്പെടുകയായിരുന്നു. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടിയില്ലാത്തതിനാൽ പൊലീസ് റിപ്പോർട്ട് പരിഗണിച്ച ശേഷമാവും തുടർ നടപടി. ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാർ, ഷാജഹാൻ കാളിയത്ത്, നൗഫൽ ബിൻ യൂസഫ്, നീലി ആർ നായർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.