സെർച്ച് കമ്മിറ്റി രൂപീകരണം: ഗവർണർ യു.ജി.സിയുടെ അഭിപ്രായം തേടും

Thursday 09 March 2023 12:35 AM IST

തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളുടെ രൂപീകരണത്തിന് യു.ജി.സിയുടെ അഭിപ്രായം തേടാൻ ഗവർണർ തീരുമാനിച്ചു. സർക്കാരും ഗവർണറും സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ നടപടി തുടങ്ങിയതിന് പിന്നാലെയാണിത്.

വി.സി നിയമനത്തിൽ സർക്കാർ ഇടപെടരുതെന്ന് കോടതി ഉത്തരവുകളുണ്ട്. എന്നാൽ വി.സി നിയമനത്തിന് മാത്രമാണ് ഗവർണർക്ക് അധികാരമുള്ളതെന്നും അപേക്ഷ ക്ഷണിക്കലും പാനലുണ്ടാക്കുന്നതുമടക്കം സർക്കാർ ചെയ്യുമെന്നുമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വാദം. സർക്കാരിന്റെ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് കത്ത് നൽകിയപ്പോൾ എന്ത് അധികാരമുപയോഗിച്ചാണിതെന്ന് ഗവർണർ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുസാറ്റ്, എം.ജി, മലയാളം വാഴ്സിറ്റികളിൽ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നടപടി തുടങ്ങിയ ഗവർണർ, മൂന്നിടത്തേക്കുമുള്ള യു.ജി.സി പ്രതിനിധികളെ അടിയന്തരമായി അനുവദിപ്പിച്ചിട്ടുണ്ട്. എന്നാൽ വാഴിസിറ്റി നിയമപ്രകാരം കമ്മിറ്റികളിൽ സർക്കാർ പ്രതിനിധി വേണമെന്നതിനാൽ തുടർനടപടിയുണ്ടായില്ല. സെർച്ച് കമ്മിറ്റിയെക്കുറിച്ചുള്ള അഭിപ്രായമറിയിക്കാൻ ഗവർണർ യു.ജി.സി ചെയർമാന് ഉടൻ കത്തുനൽകും.

 സെർച്ച്കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ

ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരണത്തിനുള്ള അധികാരമെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ല. വാഴ്സിറ്റികളുടെ പ്രോചാൻസലർ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണെന്നിരിക്കെ എങ്ങനെ സർക്കാരിന് കമ്മിറ്റി രൂപീകരിക്കാനാവുമെന്നാണ് ഗവർണറുടെ ചോദ്യം. അതേസമയം 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി മാത്രമാണ് നിർബന്ധമായി വേണ്ടതെന്നും അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ലെന്നുമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് മലയാളം വി.സി നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ മന്ത്രി ആർ. ബിന്ദു നിർദ്ദേശിച്ചത്.

വി.സിയില്ലാതെ 6 വാഴ്സിറ്റികൾ

 കലാമണ്ഡലം- 2022 മേയ് നാലിന് ഡോ. ടി.കെ. നാരായണൻ വിരമിച്ചു.

 കാർഷികം- 2022 ഒക്ടോബർ ഏഴിന് ഡോ. ആർ. ചന്ദ്രബാബു വിരമിച്ചു.

 സാങ്കേതികം- 2022ഒക്ടോബർ 21ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കി.

 കേരള- 2022 ഒക്ടോബർ 24ന് ഡോ. വി.പി. മഹാദേവൻപിള്ള വിരമിച്ചു.

 ഫിഷറീസ്- 2022 നവംബർ14ന് ഡോ. റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി.

 മലയാളം- ഫെബ്രുവരി 28ന് ഡോ. അനിൽ വള്ളത്തോളിന്റെ കാലാവധി കഴിഞ്ഞു

 കുസാറ്റ് വി.സി കെ.എൻ. മധുസൂദനൻ ഏപ്രിലിലും എം.ജി വി.സി പ്രൊഫ. സാബുതോമസ് മേയിലും കാലാവധി പൂർത്തിയാക്കും

Advertisement
Advertisement