വില കുറച്ച് ഭൂമി വില്പന; രണ്ട് ലക്ഷം പേർക്ക് റവന്യു റിക്കവറി കുരുക്ക്

Thursday 09 March 2023 1:46 AM IST

കണ്ണൂർ: വില കുറച്ച് കാണിച്ച് ഭൂമി വിറ്റെന്നാരോപിച്ച് നോട്ടീസ് ലഭിച്ച രണ്ട് ലക്ഷം പേർ, ഉദ്യോഗസ്ഥർ നിശ്ചയിച്ച ന്യായവില മാർച്ച് 31ന് മുമ്പ് അടച്ചില്ലെങ്കിൽ റവന്യു റിക്കവറിയടക്കം നേരിടേണ്ടിവരും. ഏപ്രിൽ മുതൽ റവന്യു റിക്കവറിയടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ 313 സബ് രജിസ്ട്രാർ ഓഫീസുകൾക്ക് കീഴിലാണിത്.

2018 മുതൽ 2023 വരെ ഭൂമി ഇടപാട് നടത്തിയവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ പഞ്ചായത്തുകളിൽ അഞ്ച് സെന്റ് വരെ ഭൂമി ഇടപാട് നടത്തിയവരെ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതുവഴികൾ തേടുന്ന സർക്കാരിന് ന്യായവില കുടിശികയായി 200 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

ന്യായവില നിശ്ചയിക്കുന്നത് റവന്യൂ വകുപ്പാണ്. കൈമാറ്റം ചെയ്‌ത ഭൂമിക്ക് വില കുറഞ്ഞുപോയെന്ന് നോട്ടീസ് അയക്കുന്നത് സബ് രജിസ്ട്രാർമാരും. ഭൂമി കാണാതെയും മാനദണ്ഡം പാലിക്കാതെയുമാണ് നോട്ടീസ് നൽകി അധിക പണം പിരിക്കുന്നത്. സർക്കാർ വില ഭൂമിയുടെ വിപണിയെക്കാൾ ഉയർന്നതിനാൽ ഏക്കർ കണക്കിന് ഭൂമിയാണ് കൈമാറ്റം ചെയ്യാതെ കിടക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ ഇരുട്ടടി.

 13 വർഷത്തിനിടെ കൂട്ടിയത് 160 ശതമാനം

രജിസ്‌ട്രേഷൻ വരുമാനത്തിനായി പതിമ്മൂന്ന് വർഷത്തിനിടെ ഭൂമിയുടെ ന്യായവില 160 ശതമാനത്തിലേറെയാണ് വർദ്ധിപ്പിച്ചത്. ഭൂമി വില്പന രജിസ്റ്റർ ചെയ്യുമ്പോൾ റോഡുണ്ടെന്ന് എഴുതിയാൽ, കിലോമീറ്റർ അകലെ റോഡുള്ള വസ്തുവിന് നിശ്ചയിച്ച വില അടിസ്ഥാനമാക്കി മുദ്രപത്ര ഡ്യൂട്ടി അടയ്ക്കണം.

 2010ലെ തരംതിരിവ്

ന്യായവില കൂട്ടിയെങ്കിലും തരംതിരിവ് ഇപ്പോഴും 2010ലെ അവസ്ഥയിലാണ്. അതായത് 2010ലെ ന്യായവില പട്ടികയിൽ റോഡ് സൗകര്യമില്ലാത്ത വസ്തുവിന് ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നത് നിലവിൽ 2,20,000 രൂപയാണ്. എന്നാൽ വില ഇരട്ടിയിലേറെയാക്കിയിട്ടും തരംതിരിവ് ഇപ്പോഴും റോഡ് സൗകര്യമില്ലെന്ന പട്ടികയിലാണ്. എന്നാൽ അണ്ടർ വാല്യുവേഷന് ശാസ്ത്രീയമായ പരിശോധന നടത്തിയില്ലെന്നാണ് നോട്ടീസ് കിട്ടിയവരുടെ പരാതി. സബ് രജിസ്ട്രാർ മുദ്രപത്ര വില പരിശോധിച്ച് തിട്ടപ്പെടുത്തുന്നതാണ് വില. 30 ശതമാനം വരെ വില കൂട്ടിയാണ് വാങ്ങുന്നത്.

അതേസമയം വാങ്ങിയ സ്ഥലത്തിന്റെ മുദ്രപത്ര വില കുറച്ച് കാണിച്ചിട്ടുണ്ടെങ്കിലും കുടുങ്ങും. കോമ്പൗണ്ടിംഗ് ഫീസടയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ ഭൂമി വിറ്റയാളുടെ പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കൾ തിരിച്ചുപിടിക്കാനാണ് ഉത്തരവ്.