ബ്രഹ്മപുരം: കോൺഗ്രസ്, സി.പി.എം. കൂട്ടുകച്ചവടമെന്ന് കെ.സുരേന്ദ്രൻ

Thursday 09 March 2023 2:55 AM IST

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ളാന്റ് തീപിടിത്തത്തിന് പിന്നിൽ കോൺഗ്രസ്,സി.പി.എം.കൂട്ടുകച്ചവടമാണെന്നും സംഭവത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നും ബി.ജെ.പി.സംസ്ഥാനഅദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മുൻഇടതുമുന്നണി കൺവീനർ വൈക്കം വിശ്വന്റെ മരുമകനും കെ.പി.സി.സി.ജനറൽ സെക്രട്ടറി വേണുഗോപാലിന്റെ മകനാണ് മാലിന്യപ്ളാന്റിന് പിന്നിലെ പങ്കുകച്ചവടക്കാർ.സംഭവത്തിൽ ഹൈക്കോടതി രൂക്ഷമായി ഇടപെട്ടിട്ടും കോൺഗ്രസ് സമരത്തിനിറങ്ങാത്തത് ഇതുകൊണ്ടാണ്.

കേരളത്തിൽ രാഷ്ട്രീയയാത്ര നടത്തുന്ന എം.വി.ഗോവിന്ദൻ ഇപ്പോൾ ദേശീയപാത വികസനത്തിന്റെ നേട്ടം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്. റോഡ് വികസനത്തിന് ആദ്യം 25ശതമാനം തുക നൽകാമെന്ന് പറഞ്ഞ സംസ്ഥാനത്തെ ഇടതുസർക്കാർ പിന്നീട് പിൻമാറി. ഇപ്പോൾ പൂർണമായും കേന്ദ്രസർക്കാർ ചെലവിലാണ് പണി നടക്കുന്നത്. സിസോദിയക്കെതിരായ അറസ്റ്റും ഡൽഹി മദ്യനയ കേസും കേരള മുഖ്യമന്ത്രിയെ വിറളിപിടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അന്വേഷണം തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിർക്കുന്നത്. പിണറായി വിജയന്റെ രണ്ട് കൈകളാണ് സി.എം.രവീന്ദ്രനും ശിവശങ്കരനും. മുഖ്യമന്ത്രിയും കുടുംബവുമാണ് വിദേശത്ത് നിന്നു പണം കൊണ്ടുവന്നത്. അതിൽ നിന്നാണ് അഞ്ച് കോടി കാണാതായിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.