ഷാൾ കൊണ്ട് പരസ്പരം ബന്ധിച്ച് ആറ്റിൽ ചാടി: അമ്മയും മക്കളും മരിച്ചു
ബാഗിൽ കടബാദ്ധ്യതകൾ സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ്
പുനലൂർ: കടബാദ്ധ്യതയെ തുടർന്ന് പ്രവാസിയുടെ ഭാര്യയായ യുവതി രണ്ട് മക്കളുമൊത്ത് കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജുവിന്റെ മകളും ചാത്തന്നൂർ സ്വദേശി സജി ചാക്കോയുടെ ഭാര്യയുമായ രമ്യരാജ് (30), മക്കളായ സരയൂ (7), സൗരവ് (3) എന്നിവരാണ് മരിച്ചത്. മക്കളെ രമ്യയുടെ ശരീരത്തിൽ ഷാൾ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ഇന്നലെ ഉച്ചക്ക് 1.30 ഓടെ കല്ലടയാറിന്റെ ഭാഗമായ പുനലൂരിന് സമീപത്തെ മുക്കടവ് ആറ്റിലായിരുന്നു സംഭവം. ഏറെ കടബാദ്ധ്യതകളുണ്ടെന്ന് സൂചനയുള്ള ആത്മഹത്യാക്കുറിപ്പ് രമ്യയുടെ ബാഗിൽ നിന്ന് കണ്ടെത്തി. സജി ചാക്കോ ഖത്തറിലാണ്.
രണ്ട് കുട്ടകളെയും ശരിത്തോട് ചേർത്ത് കെട്ടിയശേഷം രമ്യ ആറ്റിൽച്ചാടുന്നത് കണ്ട സമീപവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് 15 മിനിറ്റിനുള്ളിൽ മൂന്നുപേരെയും കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പൊലീസ് പരിശോധനയിൽ ഇവർ ചാടിയ ഭാഗത്ത് നിന്ന് രമ്യയുടെ ബാഗ് കണ്ടെത്തി. ആത്മഹത്യാക്കുറിപ്പിൽ സ്വന്തം ഫോൺ നമ്പർ രമ്യ എഴുതിയിരുന്നു. വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഈ നമ്പർ ഉപയോഗിച്ച് വിലാസമെടുത്താണ് ആളെ തിരിച്ചറിഞ്ഞത്. ഫോൺ കണ്ടെത്താനായില്ല. ചാത്തന്നൂരിലെ ഭർത്തൃവീട്ടിൽ നിന്ന് കമുകുംചേരിയിലേക്ക് വരുന്നതിനിടെയാണ് ആത്മഹത്യയെന്ന് കരുതുന്നു. സംഭവ സ്ഥലത്ത് നിന്ന്മൂന്ന് കിലോ മീറ്റർ അകലെയാണ് കമുകുംചേരി. ബാങ്ക് വായ്പകൾക്ക് പുറമെ പലരുടെയും കൈയിൽ നിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നതായും അവർ ഫോൺ ചെയ്തു പണം ആവശ്യപ്പെട്ടിരുന്നെന്നും രമ്യയുടെ പിതാവ് പറഞ്ഞു. താൻ പല തവണ പണം നൽകി സഹായിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. പുനലൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.