പെണ്ണിന് പിന്തുണ വേണം, കുടുംബത്തിൽ നിന്ന് (വനിതാദിന സംവാദം)

Thursday 09 March 2023 12:21 AM IST

പത്തനംതിട്ട : പെൺകുട്ടികൾക്ക് പിന്തുണ നൽകേണ്ടത് കുടുംബം തന്നെയെന്ന് ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ട് അടൂരിലെയും പന്തളത്തെയും നഗരസഭ ചെയർപേഴ്സൺമാരായ ദിവ്യാ റെജി മുഹമ്മദും സുശീലാ സന്തോഷും. പ്രസ് ക്ലബ് സംഘടിപ്പിച്ച വനിതാദിനത്തിലെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. സംവരണത്തിന്റെ ആനുകൂല്യമില്ലാതെ നഗരസഭയിൽ ജനറൽ സീറ്റിൽ മത്സരിച്ച് വിജയിച്ച് ചെയർപേഴ്സൺമാരായവരാണ് ദിവ്യയും സുശീലയും. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സ്ത്രീഅവകാശങ്ങളുടെ കാര്യത്തിൽ ഒരേസ്വരമാണ് രണ്ട് പേർക്കും. പ്രസ്‌ക്ലബ് എക്‌സിക്യൂട്ടീവംഗം അലീന മരിയ അഗസ്റ്റിൻ മോഡറേറ്ററായിരുന്നു. പ്രസ്‌ ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ, സെക്രട്ടറി എ.ബിജു എന്നിവർ സംസാരിച്ചു.

പേരിലെ കൗതുകം, ജീവിതത്തിലുമുണ്ട്

ദിവ്യാറെജി മുഹമ്മദ് എന്ന പേരിലെ കൗതുകം തേടി പലരും സമീപിക്കാറുണ്ട്. റെജി മുഹമ്മദ് ഭർത്താവാണ്. പൊതുപ്രവർത്തകയായതിനൊപ്പം നല്ല വീട്ടമ്മയാകാനും കഴിയുന്നുവെന്നാണ് വിശ്വാസം. കുടുംബത്തിന്റെ പൂർണ പിന്തുണ പഠനകാലം മുതൽ തനിക്കുണ്ടായിരുന്നു. മൂന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയും അദ്ധ്യാപകബിരുദവുമെല്ലാം കരസ്ഥമാക്കി സോഫ്റ്റ് വെയർ എൻജിനിയർ ബിരുദവും നേടി അദ്ധ്യാപികയായിരിക്കുമ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 16നാണ് അടൂരിൽ ചെയർപേഴ്‌സണാകുന്നത്. അത് പാർട്ടിയുടെ ഏകകണ്ഠമായ അഭിപ്രായമായിരുന്നു. സ്ത്രീയായതുകൊണ്ട് ഒരിടത്തുനിന്നും മാറി നിൽക്കേണ്ടി വന്നിട്ടില്ല. നീതിക്കായി നിലകൊള്ളാൻ സ്ത്രീകൾ തയാറാകണം. വീടുകളിൽ തന്നെ ആൺ, പെൺ വ്യത്യാസമില്ലാതെ കുട്ടികളെ വളർത്തണം. സ്ത്രീകളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പരിശീലിപ്പിക്കണം. അടൂരിൽ വൃത്തിയുള്ള കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് ദിവ്യ റെജി മുഹമ്മദ് വിശദീകരിച്ചു.

വെല്ലുവിളികളേറെയെങ്കിലും മുന്നോട്ട് തന്നെ

സ്ത്രീയായതിനാൽ സമൂഹത്തിലെ അനാചാരങ്ങളും അനീതിയും കണ്ടില്ലെന്നു നടിച്ചു മാറിനിൽക്കാൻ തയാറല്ലെന്ന് പന്തളം ചെയർപേഴ്‌സൺ സുശീലാ സന്തോഷ് പറഞ്ഞു. അദ്ധ്യക്ഷ പദവിയിലെത്തിയപ്പോൾ വെല്ലുവിളികളുണ്ടായിരുന്നു. പന്തളം നഗരസഭയിലെ പ്രധാന തസ്തികകളിലെല്ലാം സ്ത്രീകളാണ്. എന്നാൽ പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുമ്പോൾ ഇവർക്കെല്ലാം പേടിയുണ്ട്. ചെയർപേഴ്‌സൺ തന്നെ ചെയ്യട്ടേയെന്ന നിലപാടിലെത്തും ഒടുവിൽ. സ്ത്രീകൾ ഭയന്നു മാറിനിൽക്കരുത്. ഉത്തരവാദിത്വത്തിൽ എത്തുമ്പോൾ പുരുഷനൊപ്പം സ്ത്രീയും കഴിവുകൾ പ്രകടമാക്കണം. സമൂഹത്തിലും കുടുംബങ്ങളിലും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറണം. മാറിയ കാലത്ത് കല്യാണപെണ്ണ് ചെറുക്കന്റെ വീടു കാണാൻ പോകുന്നതിൽ ഒരു തെറ്റുമില്ല. സീരിയലുകളുടെ പേരിൽ സ്ത്രീകളെ പഴിചാരുന്നവരുണ്ട്. എന്നാൽ ഈ സീരിയലുകളുടെയെല്ലാം നിർമാതാക്കൾ പുരുഷൻമാരാണെന്ന് ഓർക്കണം. പന്തളം നഗരസഭാ പരിധിയിൽ സ്ത്രീകൾക്കാവശ്യമായ പദ്ധതികൾ നടപ്പാക്കും.

സംവരണമില്ലാതെ ജനറൽ വാർഡിൽ മത്സരിച്ചു ജയിക്കാൻ സ്ത്രീകൾ തയാറാണ്. ജാതി സംവരണം അടക്കം തിരുത്തണമെന്നാണ് സുശീലാ സന്തോഷിന്റെ അഭിപ്രായം.

Advertisement
Advertisement