നാലിൽ നേടാൻ ഇന്ത്യ

Wednesday 08 March 2023 11:28 PM IST

ഇന്ത്യ - ഓസ്ട്രേലിയ നാലാം ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിൽ തുടക്കം

ജയിച്ചാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താം

അഹമ്മദാബാദ് : ആദ്യ രണ്ട് മത്സരങ്ങളിലും സ്പിൻ കെണിയൊരുക്കി ഓസ്ട്രേലിയയെ വീഴ്ത്തുകയും മൂന്നാം ടെസ്റ്റിൽ അതേ സ്പിൻ കുഴിയിൽ വീണുപോവുകയും ചെയ്ത ഇന്ത്യ ഇന്നുമുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നിർണായകമായ നാലാം ടെസ്റ്റിനിറങ്ങുന്നു.

പരമ്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ തോറ്റാലും സമനിലയിലായാലും പരമ്പര വിജയികൾക്കുള്ള ബോർഡർ-ഗാവസ്കർ ട്രോഫി ലഭിക്കും. എന്നാൽ ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കണമെങ്കിൽ ഈ മത്സരത്തിൽ ജയിച്ചേ മതിയാകൂ. ഇൻഡോറിലെ മൂന്നാം ടെസ്റ്റിൽ ഒൻപത് വിക്കറ്റിന് ജയിച്ച ഓസീസ് ഫൈനൽ ബർത്ത് ഉറപ്പിച്ചു കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാർ അല്ലാത്തതിനാൽ ഈ കളി ജയിച്ചാലും ട്രോഫി കൊണ്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഓസീസിന് ഇന്ത്യയുടെ ഫൈനൽ പ്രവേശനം തടയുകയെന്നതാണ് ലക്ഷ്യം. ഈ മത്സരം സമനിലയിലാവുകയാണെങ്കിൽ ന്യൂസിലാൻഡും ശ്രീലങ്കയും തമ്മിൽ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ ഫലം പരിഗണിച്ചാവും ഇന്ത്യയുടെ ഫൈനൽ പ്രവേശന സാദ്ധ്യതകൾ.

സ്പിന്നുണ്ടോ, റണ്ണുണ്ടോ

മത്സരം തുടങ്ങുന്നതിന് ദിവസങ്ങൾ മുന്നേയുള്ള ചോദ്യം അഹമ്മദാബാദിലെ പിച്ചും സ്പിന്നിനെ തുണയ്ക്കുന്നത് ആയിരിക്കുമോ അതോ റൺസ് ഒഴുകാൻ അനുവദിക്കുന്നത് ആയിരിക്കുമോ എന്നതാണ്.നാഗ്പുരിലും ഡൽഹിയിലും നടന്ന മത്സരങ്ങളിൽ ആദ്യ ഓവർമുതൽ കുത്തിത്തിരിയുന്ന പിച്ചുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇതേ മാതൃകയിൽ തയ്യാറാക്കിയ ഇൻഡോറിലെ പിച്ചിൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്കും അടിതെറ്റിയതോടെ സ്പിൻ വാരിക്കുഴി പരീക്ഷണം വേണമോ എന്ന് മുൻ താരങ്ങളടക്കം പരസ്യമായി ചോദിച്ചുതുടങ്ങി.

അഹമ്മദാബാദിൽ ബാറ്റിംഗിന് കുറച്ചുകൂടി സഹായകരമായ പിച്ചാവും ഒരുക്കുകയെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം പിച്ച് പരിശോധിച്ച ഓസ്ട്രേലിയൻ ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത് പരമ്പരയിൽ ഇതുവരെ കണ്ട ബാറ്റിംഗിന് ഏറ്റവും സഹായകരമായ പിച്ച് ഇതായിരിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ആദ്യ ദിനത്തിന് ശേഷം പിച്ച് സ്പിന്നിന് അനുകൂലമായി മാറുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ടോസ് നിർണായകമാകും.

ഉണരണം ബാറ്റർമാർ

പരമ്പരയിൽ മുന്നിലാണെങ്കിലും നാലാം ടെസ്റ്റിൽ ജയിക്കണമെങ്കിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ മികവ് കാട്ടിയേ മതിയാവൂ. ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യ വിജയിച്ചതിന് പ്രധാനകാരണം അശ്വിൻ,ജഡേജ,അക്ഷർ പട്ടേൽ എന്നീ സ്പിന്നർമാർ ബാറ്റിംഗിൽക്കൂടി മികവ് കാട്ടിയതാണ്. മുൻനിരയുടെ ദൗർബല്യങ്ങൾ ഇവരിലൂടെ മറികടക്കാനായി. ഇൻഡോറിൽ ഇവർക്കും ചുവടു പിഴച്ചു. ആദ്യമത്സരങ്ങളിൽ നിരാശപ്പെടുത്തിയ കെ.എൽ രാഹുലിന് പകരം ഇൻഡോറിൽ ശുഭ്മാൻ ഗില്ലിനെ കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല. ശ്രേയസ് അയ്യരും തുടർച്ചയായി നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിംഗ്സുകളിൽ ഒരു അർദ്ധസെഞ്ച്വറിപോലും നേടാൻ വിരാട് കൊഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. വിക്കറ്റ് കീപ്പിംഗിൽ ശോഭിക്കുന്നെങ്കിലും ബാറ്റിംഗിൽ മിന്നാൻ ശ്രീകാർ ഭരതിന് കഴിയുന്നില്ല.

ഷമി വരും,ഇഷാൻ ഉണ്ടാവുമോ?

മൂന്നാം ടെസ്റ്റിൽ വിശ്രമത്തിലായിരുന്ന പേസർ മുഹമ്മദ് ഷമി അഹമ്മദാബാദിൽ പ്ളേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തും. ഇൻഡോറിൽ ഉമേഷ് യാദവും മുഹമ്മദ് സിറാജുമാണ് പേസർമാരായി ഉണ്ടായിരുന്നത്. സിറാജിന് പകരമാകും ഷമി എത്തുക. വിക്കറ്റ് കീപ്പർ ശ്രീകാർ ഭരതിന് പകരം ഇഷാൻ കിഷനെ പരീക്ഷിക്കാനും സാദ്ധ്യതയുണ്ട്. ശ്രേയസ് അയ്യർ വേണോ സൂര്യകുമാറിന് അവസരം നൽകണോ എന്നതും രാഹുൽ ദ്രാവിഡും രോഹിതും ആലോചിക്കുന്നുണ്ട്.

സ്മിത്ത് നയിക്കും

പാറ്റ് കമ്മിൻസ് നാട്ടിൽ നിന്ന് മടങ്ങിയെത്താത്തതിനാൽ മൂന്നാം ടെസ്റ്റിൽ വിജയത്തിലേക്ക് നയിച്ച സ്റ്റീവൻ സ്മിത്ത്തന്നെ ഈ കളിയിലും ഓസീസ് ക്യാപ്ടനാവും. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടാവാനിടയില്ല. നഥാൻ ലിയോൺ,ടോഡ് മർഫി,മാത്യു ക്യുനേമൻ എന്നീ മൂന്ന് സ്പിന്നർമാരുടെ ഫോം തന്നെയാണ് ഓസീസിന്റെ ആത്മവിശ്വാസം. സ്മിത്ത്,ഹാൻഡ്സ്കോംബ്, ലാബുഷേയ്ൻ,ഗ്രീൻ,അലക്സ് കാരേ,ട്രാവിസ്ഹെഡ്,ഉസ്മാൻ ഖ്വാജ എന്നീ മികച്ച ബാറ്റർമാരും ഫോമിലേക്കെത്തിയാൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,പുജാര,കൊഹ്‌ലി,ശ്രേയസ്/ സൂര്യകുമാർ,ജഡേജ,ശ്രീകാർ ഭരത്/ഇഷാൻ,അശ്വിൻ,അക്ഷർ,ഉമേഷ്,ഷമി.

ഓസീസ് : ട്രാവിസ് ഹെഡ്,ഉസ്മാൻ ഖ്വാജ,ലാബുഷേയ്ൻ,സ്മിത്ത് (ക്യാപ്ടൻ),ഹാൻഡ്സ്കോംബ്,ഗ്രീൻ, കാരേ,സ്റ്റാർക്ക്,ടോഡ് മർഫി,ലിയോൺ,ക്യുനേമാൻ.

കഴിഞ്ഞ മത്സരത്തിൽ ഡി.ആർ.എസ് അപ്പീലുകൾ ചെയ്യുന്നതിൽ അമിതാവേശം കാട്ടിയത് ഞങ്ങൾക്ക് തിരിച്ചടിയായിരുന്നു. ഇനിയത് ആവർത്തിക്കില്ല.

- രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്ടൻ

ഈ ടെസ്റ്റിൽക്കൂടി വിജയം നേടാനും പരമ്പര സമനിലയിലാക്കാനും കഴിഞ്ഞാൽ ഞങ്ങൾക്കത് വലിയ നേട്ടമായിരിക്കും.അതിനായി പരിശ്രമിക്കും.

- സ്റ്റീവൻ സ്മിത്ത്, ഓസീസ് ക്യാപ്ടൻ

3

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും മൂന്ന് ദിവസം പൂർത്തിയാകുംമുന്നേ അവസാനിച്ചിരുന്നു.

2

ഈ സ്റ്റേഡിയത്തിൽ കളിച്ച രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയം നേടിയിരുന്നു.ഈ രണ്ട് മത്സരങ്ങളിലുമായി വീണ 60 വിക്കറ്റുകളിൽ 48 എണ്ണവും സ്പിന്നർമാരാണ് നേടിയത്.

20

വിക്കറ്റുകളാണ് ഈ വേദിയിൽ കളിച്ച രണ്ട് ടെസ്റ്റുകളിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ നേടിയിരിക്കുന്നത്.