ബുംറയ്ക്ക് ശസ്ത്രക്രിയ

Wednesday 08 March 2023 11:30 PM IST

ക്രൈസ്റ്റ്ചർച്ച് : വിട്ടുമാറാത്ത പുറംവേദനയെത്തുടർന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ന്യൂസിലാൻഡിൽ ശസ്ത്രക്രിയ്ക്ക് വിധേയനായി.കഴിഞ്ഞ സെപ്തംബർ മുതൽ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ബുംറയ്ക്ക് അടുത്ത ആഗസ്റ്റിലേ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകൂ എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ട്വന്റി-20 ലോകകപ്പും ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പരകളും നഷ്ടമായ ബുംറയ്ക്ക് ഐ.പി.എല്ലിലും കളിക്കാനാവില്ല. ഈ വർഷം നടക്കുന്ന ഏകദിനലോകകപ്പിലേ താരത്തിന്റെ തിരിച്ചുവരവ് നടക്കൂ എന്നാണറിയുന്നത്.

ബുംറയുടെ പരിക്ക് ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെനാളായി സജീവ ചർച്ചയായിരുന്നു. ഈ ജനുവരിയിൽ ലങ്കയ്ക്ക് എതിരായ മത്സരങ്ങൾക്കുള്ള ടീമിൽ തിരിച്ചെത്താൻ താരം സന്നദ്ധത അറിയിച്ചെങ്കിലും പരിക്ക് മാറാത്തതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.അതിന് പിന്നാലെയാണ് ചീഫ് സെലക്‌ടറായിരുന്ന ചേതൻ ശർമ്മ ഒരു ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ ബുംറ പരിക്ക് അറിയാതിരിക്കാൻ കുത്തിവെയ്പ്പുകൾ എടുത്താണ് ഫിറ്റ്നസ് ടെസ്റ്റ് പാസാകുന്നതെന്ന് പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് താരത്തിന്റെ പരിക്കിനെ ബി.സി.സി.എെ ഗൗരവമായെടുത്തത്.