സ്ത്രീകൾക്ക് ചില സാമ്പത്തിക പാഠങ്ങൾ

Thursday 09 March 2023 2:27 AM IST

കൊച്ചി: ലോകവനിതാ ദിനത്തിൽ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ഉന്നമനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിൽ പ്രധാനമാണ് സാമ്പത്തിക രംഗത്തെ സ്ത്രീകളുടെ ശാക്തീകരണം. സാമ്പത്തിക സ്വയം പര്യാപ്തത നേടുന്നതിന് വനിതകൾ സ്വീകരിക്കേണ്ട രീതികളുണ്ട്.

സേവിംഗ്സ് നേരത്തെ തുടങ്ങാം: ഇപ്പോൾ കൂടുതൽ സ്ത്രീകളും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്ന് ചിന്തിക്കുന്നവരാണ്. സമീപകാല റിപ്പോർട്ടുകളിൽ നിന്ന് ഇത് വ്യക്തമാണ്. സുഖകരമായ ഒരു ജീവിതം നയിക്കണമെങ്കിൽ സമ്പാദ്യം ഉണ്ടായിരിക്കണം. സ്ത്രീകൾ ബുദ്ധിമുട്ടുകൾ നേരിടാതെ സുഖപ്രദമായ ഒരു ജീവിതശൈലി കൈവരിക്കുന്നതിനും അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും കഴിയുന്നത്ര നേരത്തെ തന്നെ സമ്പാദ്യം തുടങ്ങണം.

സാമ്പത്തിക സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധനല്കുന്നത് സ്ത്രീകളാണ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ സ്ത്രീകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നു. ഏകദേശം 60% സ്ത്രീകൾ SIPകൾ കൈവശം വയ്ക്കുമ്പോൾ പുരുഷന്മാരിൽ ഇത് 55% മാത്രമേ ഉള്ളൂ.

ഫിക്സഡ് ഡെപ്പോസിറ്റിന്റിന്റെ കാര്യത്തിൽ പുരുഷന്മാർക്ക് 53 ശതമാനവും സ്ത്രീകൾക്ക് 54 ശതമാനവും ആണ്. എന്നാൽ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്ന പുരുഷന്മാരുടെ ശതമാനം സ്ത്രീകളേക്കാൾ വളരെ കൂടുതലാണ്.

സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കുക: സ്ത്രീകൾ അവരുടെ സാമ്പത്തിക സ്ഥിതി മനസിലാക്കി ചില കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വരുമാനം, ചെലവുകൾ, കടങ്ങൾ, നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള അവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി മുന്നോട്ട് പോകണം.

സ്വയംപര്യാപ്തത: വിദ്യാഭ്യാസം, സ്കിൽസ്,​ എക്സ്പീരിയൻസ് തുടങ്ങിയവയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നത് മെച്ചപ്പെട്ട സാമ്പത്തിക നിലയിലേക്കുള്ള അടിത്തറയാകും. ഇങ്ങനെയുള്ള സ്ത്രീകൾ ഉയർന്ന ജോലിയും വരുമാനവും നേടുന്നതിൽ വിജയിക്കുകയും ചെയ്യുന്നു.

സ്വന്തം ബഡ്ജറ്റ്: വരുമാനവും ചെലവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ വനിതകൾ സ്വന്തമായി ഒരു ബജറ്റ് സൃഷ്‌ടിക്കണം.

എമർജൻസി ഫണ്ട്: ജീവിതത്തിലെ പ്രയാസഘട്ടങ്ങളെ അതിജീവിക്കാൻ പണം കരുതിവയ്ക്കുന്നത് അത്യാവശ്യമാണ്. അപ്രതീക്ഷിത ചെലവുകളോ ​​വരുമാന നഷ്ടമോ ഉണ്ടാകുമ്പോൾ നേരിടാൻ ഒരു എമർജൻസി ഫണ്ട് സ്വരൂപിച്ച് വയ്ക്കണം.

റിട്ടയർമെന്റിനുള്ള പ്ലാൻ: റിട്ടയ‍ർമെന്റ് ജീവിതത്തെ കുറിച്ച് വ്യക്തമായ പദ്ധതി ഉണ്ടാവണം. റിട്ടയർമെന്റ് സ്കീമുകളിൽ നിക്ഷേപിക്കുന്നതിലൂടെ വിശ്രമ ജീവിതം ആയാസരഹിതമാക്കാം.

റിട്ടയർമെന്റ് കോർപ്പസ് പുരുഷന്മാർക്ക് 54ശതമാനവും സ്ത്രീകൾക്ക് 68 ശതമാനവുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
48% സ്ത്രീകൾ തങ്ങളുടെ റിട്ടയർമെന്റ് സമ്പാദ്യത്തിനായി സ്വരുക്കൂട്ടുമ്പോൾ പുരുഷന്മാരിൽ ഇത്

42% മാത്രമാണ്.

കടക്കെണികൾ ഒഴിവാക്കൽ: ക്രെഡിറ്റ് കാർഡ് പോലെയുള്ള ഉയർന്ന പലിശ കടം ഏറ്റെടുക്കുന്നത് ഒഴിവാക്കുകയും നിലവിലുള്ള കടം എത്രയും വേഗം വീട്ടുകയും ചെയ്യണം.

സാമ്പത്തിക ഉപദേശം : വിജ്ഞാനപ്രദമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് സാമ്പത്തിക ആസൂത്രകരോ അക്കൗണ്ടന്റുമാരോ പോലുള്ള പ്രൊഫഷണലുകളിൽ നിന്ന് സാമ്പത്തിക ഉപദേശം തേടാവുന്നതാണ്.

സഹകരണം: സാമ്പത്തിക അറിവും വിഭവങ്ങളും പങ്കിട്ടും ന്യായമായ സാമ്പത്തിക നയങ്ങൾക്കും സമ്പ്രദായങ്ങൾക്കും വേണ്ടി വാദിച്ചും മറ്റ് സ്ത്രീകളെ പിന്തുണയ്ക്കുകയും വേണം.

Advertisement
Advertisement