അനധികൃത സ്വത്ത്: ഡിവൈ.എസ്.പി ബിജോ അലക്സാണ്ടറിന്റെ ഹർജി തള്ളി

Thursday 09 March 2023 2:29 AM IST

കൊച്ചി: വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് നൽകിയ അന്തിമ റിപ്പോർട്ടു റദ്ദാക്കാൻ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജോ അലക്‌സാണ്ടർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2011 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെ 33.38 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് ബിജോ അലക്‌സാണ്ടർ സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കാർഷിക വരുമാനമായ 20 ലക്ഷം രൂപ, ഭാര്യാസഹോദരൻ നൽകിയ 3.50 ലക്ഷം രൂപ, ഭാര്യയുടെ സ്വർണം വിറ്റ വകയിലെ ആറ് ലക്ഷം രൂപ എന്നിവയുടെ കണക്ക് വിജിലൻസ് പരിഗണിച്ചില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ആദ്യ രണ്ട് ഇനത്തിനും രേഖകളുണ്ടായിരുന്നില്ല. സ്വർണം വിറ്റതിന്റെ ബിൽ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഹർജിക്കാരൻ ഉന്നയിക്കുന്ന കണക്കുകൾ ഈ ഹർജിയിൽ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് കൗസർ എപ്പടഗത്ത് വ്യക്തമാക്കി.