കള്ളുചെത്ത് സഹ. സംഘത്തിന്റെ 35 ലക്ഷം എഴുതിത്തള്ളും
Thursday 09 March 2023 12:31 AM IST
തിരുവനന്തപുരം: കള്ളുചെത്ത് വ്യവസായ തൊഴിലാളി സഹകരണസംഘം സർക്കാരിലേക്ക് നൽകേണ്ട കുടിശ്ശികയിനത്തിലുള്ള 35 ലക്ഷം രൂപ എഴുതിത്തള്ളാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കള്ളുചെത്ത് തൊഴിലാളി സഹകരണസംഘം കള്ളുഷാപ്പുകൾ ലേലത്തിനെടുത്ത് നടത്തിയതിന്റെ ലൈസൻസ് ഫീസിനത്തിൽ സർക്കാരിലേക്ക് നൽകാനുള്ള തുകയാണിത്. ഇവർ ഗ്രൂപ്പടിസ്ഥാനത്തിൽ കള്ളുഷാപ്പുകൾ ലേലത്തിനെടുത്ത് നടത്തിയെങ്കിലും നഷ്ടത്തിലായെന്നും ഇതേ കാരണത്താൽ അടച്ചുപൂട്ടേണ്ടി വന്നുവെന്നും ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സംഘത്തിന്റെ കുടിശ്ശിക എഴുതിത്തള്ളാൻ അനുമതി നൽകിയത്.