ഇലന്തൂരിന് മംഗളമേകി വല്യപടയണി

Thursday 09 March 2023 12:32 AM IST

പത്തനംതി​ട്ട : മംഗളഭൈരവി ഇളകിയാടിപ്പോൾ കളമാകെ നിറഞ്ഞ് നിന്നത് കാളി എത്തിയ ചൂട്ടുവെട്ടം. ചൂട്ടുകറ്റകളിൽ നിന്ന് പൊഴിഞ്ഞ തീപ്പാരികൾ ഇലന്തൂരിന്റ നാട്ടുവഴികളിലും കരക്കാരുടെ മനസ്സിലും പ്രകാശം പരത്തി.

ഇന്നലെ സന്ധ്യ മുതൽ എല്ലാ വഴികളും ഭഗവതികുന്നിലേക്കായിരുന്നു. മുറുക്കിക്കെട്ടിയ ചൂട്ടുകറ്റകളുമായി വഴിയുടെ ഇരുവശത്തും കരക്കാർ കാത്തുനിന്നു കോലങ്ങളെ വരവേൽക്കാൻ. ചെണ്ടമേളവും വഞ്ചിപ്പാട്ടും, ആർപ്പുവിളികളും ആവേശം വാനോളം ഉയർത്തി. നാട്ടുദോഷവും കാലദോഷവും ഒഴിച്ചിടാൻ കാവിലമ്മയ്ക്കു തിരുമുമ്പിൽ ചൂട്ടുകറ്റവെളിച്ചത്തിൽ എത്തിയ മാടനും, മറുതയും ഭൈരവിയും കാച്ചികൊട്ടിയ തപ്പിന്റെ മേളപ്പെരുക്കത്തിൽ ആടിത്തിമിർത്തു. വല്യപടേണി കാണാൻ ഗ്രാമം മുഴുവൻ മിഴിപൂട്ടാതെ ക്ഷേത്ര നടയിൽ കാത്തിരുന്നു. കരക്കാർക്കൊപ്പം മറുനാട്ടുകാരും ഉറക്കമൊഴിഞ്ഞു. ഭക്തിയും വിശ്വാസവും ഇടചേർന്ന വല്യപടേണിയിൽ ഗോത്ര സ്മൃതികൾ ഉണർത്തി ഓരോ കോലവും കളത്തിലെത്തിപ്പോൾ വരും നാളുകൾ ഐശ്വര്യ പൂർണ്ണമാക്കാനുള്ള പ്രാർത്ഥനയിലായിരുന്നു കരക്കാർ. രാത്രി 10 ന് തപ്പുമേളത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഇലന്തൂർ കിഴക്ക് കരയിൽ നിന്ന് ചൂട്ടുകറ്റ വെളിച്ചത്തിൽ ചെണ്ടമേളത്തിന്റെയും , വഞ്ചിപ്പാട്ടിന്റെയും, താലപ്പൊലിയുടേയും അടവിയുടേയും അകമ്പടിയിലെത്തിയ കോലങ്ങളെ തപ്പുമേളത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ കാപ്പൊലിച്ച് കളത്തിലേക്കെതിരേറ്റു. കളരിവന്ദനത്തോടെ ഉണർന്ന കളത്തിൽ വെളിച്ചപ്പാടാണ് ആദ്യമെത്തിയത്. തുടർന്ന് നിരത്തിത്തുള്ളൽ താവടി പുലവൃത്തം എന്നിവയും എത്തി അതിനുശേഷമാണ് പാളക്കോലങ്ങളെത്തിയത്. ആദ്യം തുള്ളിയൊഴിഞ്ഞത് ശിവസ്തുതികളുമായെത്തിയ ശിവകോലമാണ്. അതിനുപിന്നാലെ ഇരുകൈകളിലും ചൂട്ടു കറ്റകളുമായി പിശാച് കോലം തുള്ളി ഒഴിഞ്ഞു.തുടർന്ന് കൂട്ട മറുതകളുടെ വരവായി. പിന്നീട് മാടൻ, പക്ഷി, സുന്ദരയക്ഷി, അരക്കിയക്ഷി, മായയക്ഷി, എരിനാഗയക്ഷി എന്നിവ ക്രമത്തിൽ തുള്ളിയൊഴിഞ്ഞു. സാമൂഹ്യ വിമർശനങ്ങളുമായെത്തിയ വിനോദങ്ങളും കളം പൊലിച്ചു. പടേനിയിലെ രാജ കോലമായ കാലൻകോലം ചടുലമായ ചുവടുകൾ വച്ച് തുള്ളിയുറഞ്ഞതിന് ശേഷം പുലർച്ചെയാണ് കര ദേവതമാരായ ഭൈരവിയും കാത്തിരമാലയും കളത്തിൽ നിറഞ്ഞാടിയത്. കരക്കാർ ആർപ്പുവിളിച്ച് മഹാഭൈരവിയെ വരവേറ്റു. തുടർന്ന് പിഴകളെല്ലാം പൊറുക്കണെ എന്നുകൊട്ടിപ്പാടികൊണ്ട് മംഗളഭൈരവി അടന്തതാളത്തിൽ കളത്തിലെത്തി. ശേഷം സർവ്വ ദോഷങ്ങൾക്കും പരിഹാരമായി പൂപ്പടതുള്ളി. കളത്തിലേക്ക് ചൂട്ടുവച്ച് വിളിച്ചിറക്കിയ കുന്നിലമ്മയെ ആർപ്പുവിളിച്ച് ശ്രീകോവിലേക്ക് തിരികെ ആനയിച്ചതോടെ പടേനിയ്ക്ക് സമാപനമായി.