കെ.പി.എല്ലിലെ കയ്യാങ്കളിയിൽ നടപടിയുണ്ടാകും
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കെ.പി.എൽ ഫുട്ബാളിലെ കേരള ബ്ലാസ്റ്റേഴ്‌സ് - കോവളം എഫ്.സി മത്സര ശേഷമുണ്ടായ കയ്യങ്കളിയിൽ കേരള ഫുട്ബോൾ അസോസിയേഷൻ കടുത്ത നടപടികളിലേക്ക്. ചുവപ്പ് കാർഡ് ലഭിച്ച കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ നിഹാൽ സുധീഷിനെതിരെ സസ്പെൻഷൻ ഉൾപ്പെടെ കൂടുതൽ നടപടികൾ ഉണ്ടായേക്കും. സ്റ്റേഡിയത്തിലെ വാതിലിന് കേടുപാട് വരുത്തുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എഫ്.എ നടപടി കടുപ്പിക്കുന്നത്.
മാച്ച് കമ്മിഷണറുടെയും റഫറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാൽ സുധീഷിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കെ.എഫ്.എ ജന.സെക്രട്ടറി പി. അനിൽകുമാർ പറഞ്ഞു. കെ.എഫ്.എ നിശ്ചയിച്ച അച്ചടക്ക സമിതിയാണ് നടപടികൾക്ക് ശുപാർശ ചെയ്യുക. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. 90 മിനിട്ടിന് ശേഷം കളിയുടെ അധികസമയത്ത് കോവളം ഗോൾകീപ്പർ അമൽ തോമസ് പെനാൽറ്റി ബോക്‌സിന് പുറത്തുവന്ന് ബോൾ തട്ടിയതിന് അസി.റഫറി ഫൗൾ വിധിച്ചു. ഇത് ചോദ്യം ചെയ്ത കോവളം കോച്ച് ഇഗ്‌നേഷ്യസിന് റഫറി ചുവപ്പ് കാർഡ് നൽകുകയും കളി തുടരുകയും ചെയ്തു. അവസാന വിസിലിന് ശേഷം കോവളം അസി.കോച്ച് കമാലുദ്ദീൻ മോയിക്കൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് അരികിലേക്ക് എത്തിയതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇദ്ദേഹം താരങ്ങൾക്ക് നേരെ തുപ്പിയെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്‌സ് താരം നിഹാൽ സുധീഷ് കയർത്തു. ഇതോടെ ഇരുവർക്കും റഫറി ചുവപ്പ് കാർഡ് കാണിച്ചു. തുടർന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെ നിഹാൽ സ്റ്റേഡിയത്തിലെ വാതിൽ ചവിട്ടി പൊളിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുയും ചെയ്തെന്നാണ് പരാതി.