ഇടതുമുന്നണി ഇന്ന് യോഗം ചേരും

Thursday 09 March 2023 1:38 AM IST

തിരുവനന്തപുരം: സമീപകാല രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇടതുമുന്നണിയുടെ അടിയന്തര യോഗം ഇന്ന് എ.കെ.ജി സെന്ററിൽ ചേരും. വൈകിട്ട് 3.30നാണ് യോഗം.

പ്രതിപക്ഷ രാഷ്ട്രീയനേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പകപോക്കൽ സർക്കാർ ശക്തിപ്പെടുത്തുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. എം. ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡിഷണൽ സെക്രട്ടറി സി.എം. രവീന്ദ്രനെ തുടർച്ചയായി ചോദ്യം ചെയ്യുന്നതടക്കമുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ യോഗത്തിന് പ്രാധാന്യമുണ്ട്.

മനീഷ് സിസോദിയയുടെ അറസ്റ്റും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ ഇ.ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നതുമടക്കമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചേക്കാം. രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികത്തിലേക്ക് കടക്കുകയാണ്. സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളെക്കുറിച്ചുള്ള പ്രാരംഭചർച്ചകളും നടന്നേക്കും.