വനിതാ സംരംഭകർക്ക് 50 ലക്ഷം രൂപ വായ്പ

Thursday 09 March 2023 3:35 AM IST

തിരുവനന്തപുരം: വനിതാ സംരംഭകർക്ക് നൽകുന്ന വായ്പ ഇരട്ടിയാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കെ.എസ്.ഐ.ഡി.സി നൽകുന്ന 'വി മിഷൻ കേരള' വായ്പ 50 ലക്ഷമാക്കി ഉയർത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിക്കും . ഇത് തിരിച്ചടയ്ക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വനിതാ സംരംഭക സംഗമത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

വി കേരള മിഷൻ വായ്പ നേരത്തെ 25 ലക്ഷമായിരുന്നു. അഞ്ച് ശതമാനമാണ് പലിശ. മൊറട്ടോറിയം ആറു മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തും. പുതിയ സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന സഹകരണ സംഘങ്ങൾക്കും പ്രവർത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാനും പ്രൊജക്ട് റിപ്പോർട്ട് തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകൾ തൊഴിൽ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തിൽ പ്രധാനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യവനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കായി വനിതാ വികസന വകുപ്പ് പ്രത്യേകം തുക അനുവദിച്ചിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും പരിശീലനം നൽകുമെന്നും അവർ പറഞ്ഞു.

ഡയറി ഫാമുകൾ സ്ഥാപിക്കുന്നതിനും മൃഗസംരക്ഷണ മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ധാരാളം സ്ത്രീകൾ മുന്നോട്ടു വന്നിട്ടുണ്ടെന്ന് പി.എം.എഫ്. എം. ഇ പ്രൊമോഷണൽ ഫിലിമിന്റെ ഉദ്ഘാടനം നിർവഹിച്ച ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എൽ.എ, വ്യവസായ വകുപ്പ്‌ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കോട്ടയം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലൗലി എം.വി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ സിമി ചന്ദ്രൻ വി.ആർ. കെഎസ്.എസ്.ഐ.എ. വൈസ് പ്രസിഡന്റ് അപർണ പൊതുവാൾ, സി.ഐ.ഐ ഐ.ഡബ്ല്യു.എൻ കേരള വൈസ് ചെയർവുമൺ ബിൻസി ബേബി, ഫിക്കി പ്രതിനിധി രശ്മി മാക്സിം, ടൈ കേരള പ്രതിനിധി സപ്നു ജോർജ് എന്നിവർ പങ്കെടുത്തു.

തുടർന്ന് 'വനിതാ സംരംഭകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ' എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രം മാനേജർ ഷീബ എസ്, തൃശ്ശൂർ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സ്മിത പി എന്നിവർ മോഡറേറ്റർമാരായി. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000ത്തിലധികം വനിതകൾ പുതിയ സംരംഭങ്ങൾ ആരംഭിച്ചു.

Advertisement
Advertisement