പണിതിട്ടും പണിതിട്ടും പണിതീരാതെ

Thursday 09 March 2023 12:39 AM IST
അറക്കൽസെന്റർ - ചാലിശേരി പ്രധാനറോഡ്

ചാലിശേരി: നിർമ്മാണം തുടങ്ങി വർഷം മൂന്നര കഴിഞ്ഞിട്ടും പണിതീരാതെ ചാലിശ്ശേരി - അറക്കൽ റോഡ്. ഒരുവർഷത്തിനകം പണിപൂർത്തിയാക്കുമെന്ന ജനപ്രതിനിധികളുടെ വാഗ്ധാനമാണ് ജലരേഖയായത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ചാലിശേരി - ചങ്ങരംകുളം പാതയിൽ അറക്കൽസെന്റർ മുതൽ ചാലിശേരി പ്രധാനറോഡ് വരെയുള്ള രണ്ട് കിലോമീറ്റർ ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗിനായി അനുമതി നൽകിയത്. ഇതിനായി സർക്കാർ രണ്ട് കോടി രൂപയും അനുവദിച്ചു. തുടർന്ന് 2019 അവസാനത്തോടെ ആരംഭിച്ച നിർമ്മാണം 2020 മാർച്ച് പകുതിയോടെ ഭാഗികമായി പൂർത്തിയാക്കി. പക്ഷേ, കൊവിഡിനെ തുടർന്നുള്ള സമ്പൂർണ അടച്ചിടൽ പദ്ധതിയുടെ താളംതെറ്റിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ പദ്ധതി നീണ്ടുപോകാൻ കാരണമായെന്നും നാട്ടുകാർ ആരോപിക്കുന്നു.

എം.ബി.രാജേഷ് സ്പീക്കറായതോടെ നിരന്തരം ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞവർഷം ടാറിംഗ് പൂർത്തിയാക്കുകയും അറക്കൽ സെന്റർ മുതൽ കുറച്ച് ദൂരം റോഡിന് ഇരുവശവും കോൺക്രീറ്റിംഗും ചെയ്തു. പക്ഷേ, അനുബന്ധ ജോലികൾ ഇപ്പോഴും ബാക്കിയാണ്. മന്ത്രി എം.ബി.രാജേഷ് അടിയന്തരമായി ഇടപെട്ട് പദ്ധതി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ബി.എസ്.എൻ.എൽ ഓഫീസ്, പൊലീസ് സ്റ്റേഷൻ, അറക്കൽ മദ്രസ എന്നിടങ്ങളിൽ ഇരുവശങ്ങളിലെയും ക്രോൺക്രീറ്റ് പണികൾ, കാനനിർമ്മാണം, സുരക്ഷയുടെ ഭാഗമായി റോഡിൽ റിഫ്ളകറ്റ് ഗൺ, സ്രീബാ ലൈൻ, ദിശാസൂചന ബോർഡുകൾ, കലുങ്കുകളിൽ റിഫ്ലക്ട് സ്റ്റിക്കർ പതിക്കൽ തുടങ്ങിയ പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. മാർച്ച് 31 നകം അനുബന്ധ ജോലികൾ പൂർത്തീകരിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

 ഒരേപാതയിലെ തുടർ പ്രവൃത്തികൾക്ക് രണ്ട് കരാർ

മലപ്പുറം ജില്ലാതിർത്തിയായ മുക്കൂട്ട, കണ്ടംകുളം മുതൽ അറക്കൽ സെന്റർ വരെയുള്ള 1.6 കിലോമീറ്റർ റോഡ് രണ്ടുകോടി രൂപ ചെലവിൽ പണിപൂർത്തിയാക്കിയിട്ട് വർഷം നാലായി. ഇതേപാതയുടെ തുടർച്ചയായ അറക്കൽ മുതൽ ചാലിശേരി സെന്റർ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തെ നിർമ്മാണം പക്ഷേ ഒച്ചിഴയും പോലെയാണ്. ഒരേ പാതയുടെ രണ്ട് പ്രവൃത്തികൾ രണ്ട് നിർമ്മാണ കമ്പിനികളാണ് ഏറ്റെടുത്തിരുന്നത്. നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ പണി പൂർത്തീകരിക്കാൻ കഴിയാതെ പോയത് അധികൃതരുടെ അനാസ്ഥയാണ്. തുടർ പ്രവർത്തനങ്ങളിൽ ഏകോപനക്കുറവാണ് പദ്ധതി നീണ്ടുപോകാൻ കാരണമെന്നും ആക്ഷേപമുണ്ട്.