ബ്രഹ്‌മപുരം തീ ; ക്രിമിനൽ കുറ്റത്തിന് കുടപിടിക്കുന്ന അധികാരികൾ

Thursday 09 March 2023 12:00 AM IST

നാടിന്റെ മാലിന്യ സംസ്കരണ പ്രക്രിയയിൽ പോലും കോടികളുടെ അഴിമതി നടത്തിയിട്ട് ജനത്തെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് അഴിമതി വീരന്മാർ. ഇവർക്ക് കുടപിടിക്കുന്നതാരെന്ന് ഈ നാട്ടിലെ അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാമെന്ന കാര്യം ഭരിക്കുന്നവർ മറക്കരുത്. ക്രിമിനൽ കുറ്റമാണിത്. നിങ്ങൾക്കൊക്കെ വോട്ടുചെയ്‌ത് അധികാരത്തിലേക്ക് നയിക്കുന്നവർ മാത്രമല്ല ജനം. അവരുടെ നികുതിപ്പണമാണ് ഇത്രയും വലിയ ക്രിമിനൽ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കാൻ നിങ്ങളെ സഹായിക്കുന്നതെന്നുകൂടി ഓർക്കണം. ഭരണത്തിലിരിക്കുന്ന വിപ്ളവകാരികളുടെ പിൻതലമുറ നാട്ടുകാരുടെ കഴുത്തിന് കുരുക്കിട്ടാണ് കോടികൾ കൊയ്യുന്നത് . കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധിപേരാണ് മാരകമായ പ്ളാസ്‌റ്റിക് പുകയേറ്ര് ശ്വാസം മുട്ടി ഉറക്കംപോലും നഷ്‌ടപ്പെട്ട് കഴിയുന്നത്. ടൺകണക്കിന് മാലിന്യം കൊണ്ട് തള്ളിമറിക്കുമ്പോൾ ഇത് സംസ്കരിക്കേണ്ടതാണെന്ന ബോധമില്ലായിരുന്നോ? ജനത്തിന്റെ ആരോഗ്യം ഓരോ ഭരണകൂടത്തിന്റെയും പ്രതിബദ്ധതയല്ലേ! പാർട്ടിമിത്രങ്ങൾക്കും സ്വന്തക്കാർക്കും അഴിമതി നടത്താൻ ജനങ്ങളുടെ ജീവനെടുത്ത് തന്നെ പന്താടണോ? പതിവുപോലെ അന്വേഷണപ്രഹസനം കൊണ്ട് ഈ വിഷയവും കുഴിച്ചുമൂടുമെന്ന കാര്യം ഉറപ്പാണ്. അതാണല്ലോ ഓരോ വിഷയത്തിലും നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോഴും നിങ്ങളോർക്കണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഇത്രയും ദിവസമായി വിഷപ്പുക ശ്വസിച്ചുകൊണ്ടിരിക്കുന്ന ജനം ഭാവിയിൽ നേരിടേണ്ടിവരുന്ന മാരകരോഗങ്ങളെക്കുറിച്ച്. അല്പമെങ്കിലും ലജ്ജ ബാക്കിയുണ്ടെങ്കിൽ ഇനിയെങ്കിലും ഇത്തരം ക്രൂരമായ അഴിമതിക്ക് വഴിവെട്ടരുത് .

പ്രസാദ് കെ. വി

എറണാകുളം

കെ.എസ്.ആർ.ടി.സിയും

യാത്രാപാസും

സർക്കാർ വരുത്തിവച്ച പ്രതിസന്ധിക്കിടയിൽ ഓടിത്തളരുന്ന ട്രാൻസ്പോർട്ട് വ്യവസായത്തെ തക‌ർച്ചയിൽ നിന്നും കരകയറ്രേണ്ട പ്രാഥമിക ഉത്തരവാദിത്തം ജീവനക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ഒപ്പം നിറുത്തേണ്ട ബാദ്ധ്യത മാനേജ്‌മെന്റിലും നിക്ഷിപ്‌തമാണ്. കെ.എസ്.ആർ.ടി.സി സൗജന്യയാത്രാ പാസുകൾ അനർഹരും യഥേഷ്‌ടം ഉപയോഗിക്കുന്നുണ്ട്. പെൻഷനും ശമ്പളവും കൃത്യമായി കൊടുത്തുതീർക്കാൻ കഴിയാതെ ട്രാൻസ്‌പോർട് വ്യവസായം ആടിയുലയുന്ന അവസ്ഥയിലാണ്. പെൻഷൻതുകയിൽ മാത്രം കണ്ണുംനട്ട് തീർത്തും പരിതാപകരമായ അവസ്ഥയിൽ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട് ഇവിടെ.

വകുപ്പിനോടോ ജീവനക്കാരോടോ അല്ല രാഷ്ട്രീയപാർട്ടികളോടാണ് യൂണിയനുകൾക്ക് വിധേയത്വം. ഈ നിലപാട് ആദ്യം തിരുത്തണം. കോർപ്പറേഷൻ ദൈനംദിന ഭരണത്തിൽ യൂണിയനുകളുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കി ജീവനക്കാരുടെ ക്ഷേമകാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാൻ കഴിഞ്ഞാൽ മാനേജ്മെന്റ് - യൂണിയൻ- ജീവനക്കാർ ബന്ധം കൂടുതൽ ശക്തമാകും. വിരമിച്ച ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി നല്‌കിവരുന്ന സൗജന്യയാത്ര ആവശ്യമാണോ എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. വിദ്യാർത്ഥികളുടെ യാത്ര പൂർണമായും സൗജന്യമായി നിലനിറുത്തണം.

നെയ്യാറ്റിൻകര മുരളി

കരിയം

തയ്യൽത്തൊഴിലാളി ക്ഷേമവും
വിവരാവകാശവും?

വിവരാവകാശ നിയമം നിലവിൽവന്ന് പതിനെട്ട് വർഷമായിട്ടും ഇന്നും സംസ്ഥാനത്തെ പല സ്ഥാപനങ്ങൾക്കും ഈ നിയമത്തോട് അയിത്തമാണെന്ന് വേണം കരുതാൻ. കേരളത്തിലെ പതിനഞ്ചിലധികം വരുന്ന ക്ഷേമനിധി ബോർഡുകളുടെ വെബ്‌സൈറ്റുകളിലും ഈ നിയമത്തെപ്പറ്റി വിവരങ്ങളൊന്നും നൽകിയിട്ടില്ല. കഴിഞ്ഞയാഴ്ച കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒരു വിവരാവകാശ അപേക്ഷ നല്‌കിയ വ്യക്തിയാണ് ഞാൻ. ഇവരുടെ വെബ്‌സൈറ്റിൽ ഈ നിയമം കേരളം മുഴുവനുമുള്ള ഓഫീസുകളിൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പദവിയും വിവരങ്ങളുമുണ്ട്. എന്നാൽ അപേക്ഷയുടെ ഫീസ് ഏത് രീതിയിലാണ് വാങ്ങുന്നതെന്ന് നൽകിയിട്ടില്ല. കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് അപേക്ഷ അയച്ച് തൊട്ടടുത്തയാഴ്ച ഈ ഓഫീസിൽനിന്നും മറുപടി വരുന്നു അപേക്ഷ ഫീസ് ഡിഡി അല്ലെങ്കിൽ നേരിട്ട് പത്തുരൂപ അടച്ച രസീത് ഇവ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന്. കെ.എസ്.ആർ.ടി.സി , കെ. എസ്.ഇ.ബി എന്നിവയുടെ വെബ്‌സൈറ്റിൽ തങ്ങൾ ഫീസ് ഏതൊക്കെ രീതിയിൽ വാങ്ങുമെന്ന് വിശദമായി പറയുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഈ കാര്യങ്ങളിൽ വ്യക്തത വരുന്നത് അപേക്ഷ നൽകാനുദ്ദേശിക്കുന്ന വകുപ്പിന്റെ വെബ്‌സൈറ്റ് നോക്കിയാണ്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡും വെബ്‌സൈറ്റിൽ ഫീസിന്റെ കാര്യത്തിൽ വ്യക്തത നൽകിയിരുന്നെങ്കിൽ ഈ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നല്ലോ. വിവരാവകാശ നിയമത്തെ നോക്കുകുത്തിയാക്കുന്ന വകുപ്പുകളുടെ ശ്രമം തടയണം .

അജയ് എസ്. കുമാർ
പ്ലാവോട് , കൊടുങ്ങാനൂർ

Advertisement
Advertisement