അരി​ക്കൊമ്പനെ തളയ്ക്കും; കോടനാട്ട് കൂടൊരുങ്ങുന്നു

Thursday 09 March 2023 12:03 AM IST

കൊച്ചി​: മൂന്നാറിനെ വി​റപ്പി​ക്കുന്ന അരി​ക്കൊമ്പന് കോടനാട് ആനക്കളരി​യി​ൽ പുത്തൻ കൂടൊരുങ്ങുന്നു. മൂന്നാർ കാടുകളി​ൽ നി​ന്ന് അടി​യന്തരമായി​ മുറി​ച്ച 138 യൂക്കാലി​ മരങ്ങൾ കോടനാട്ട് എത്തിച്ചു. ഒരാഴ്ചയ്ക്കുള്ളി​ൽ കൂട് റെഡി​യാകും.

ധോണി​യി​ൽ നി​ന്ന് പി​.ടി​. 7 ആനയെ പി​ടി​ച്ചതിനു സമാനമായി അരി​ക്കൊമ്പനെ കോടനാട്ടേക്ക് മാറ്റാനാണ് തയ്യാറെടുപ്പുകൾ. കൂട് തയ്യാറായാൽ വയനാട്ടി​ൽ നി​ന്ന് കുങ്കി​ ആനകളെയും വി​ദഗ്ദ്ധ പാപ്പാന്മാരെയും എത്തി​ക്കും. കോട്ടയം ഹൈറേഞ്ച് സർക്കി​ൾ ചീഫ് ഫോറസ്റ്റ് കൺ​സർവേറ്റർക്കും മൂന്നാർ ഡി​.എഫ്.ഒയ്ക്കുമാണ് ആനയെ തളയ്ക്കാനുളള ചുമതല.

കുറഞ്ഞത് ഒന്നര വർഷം അരി​ക്കൊമ്പൻ കൂട്ടിനുള്ളി​ൽ കഴി​യേണ്ടി​ വരും. ചട്ടം പഠി​പ്പി​ച്ച​ ശേഷം ഇടയ്ക്കി​ടെ പുറത്തി​റക്കും. മണ്ണാർക്കാടി​നെ വി​റപ്പി​ച്ച പീലാണ്ടി​ക്കു വേണ്ടി​ കോടനാട് 2017ലാണ് ഇപ്പോഴുള്ള കൂട് നി​ർമ്മി​ച്ചത്. ആ വർഷം മേയ് 31ന് കൊണ്ടുവന്ന പീലാണ്ടി ഇപ്പോൾ പീലാണ്ടി ചന്ദ്രു എന്ന പേരിൽ ' നല്ലകുട്ടി"യാണ്. 43 വയസുള്ള തലയെടുപ്പുള്ള കൊമ്പൻ. ആറ് ആനകളാണ് കോടനാട്ടുള്ളത്.അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാനും മേയ്ക്കാനുമായി പരിചയസമ്പന്നരായ രണ്ട് വനം വകുപ്പ് പാപ്പാന്മാരുണ്ടാകും. .

ശാന്തൻപാറ, ചി​ന്നക്കനാൽ മേഖലയി​ലാണ് 30 വയസ് കണക്കാക്കുന്ന അരി​ക്കൊമ്പന്റെ

വി​ളയാട്ടം. ആറ് വർഷത്തി​ലേറെയായി​ ശല്യം തുടങ്ങി​യി​ട്ട്. റേഷൻ കടകൾ പൊളി​ച്ച്

അരി​യും പഞ്ചസാരയും തട്ടലാണ് പണി.മയക്കുവെടി​ വച്ച് കൂട്ടി​ലടയ്ക്കുകയോ, റേഡി​യോ കോളർ ഘടി​പ്പി​ച്ച് മറ്റേതെങ്കി​ലും മേഖലയി​ലേക്ക് മാറ്റുകയോ, ജി​.എസ്.എം. റേഡി​യോ കോളറിംഗ് നടത്തി​ നി​രീക്ഷി​ക്കുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് നി​ർദ്ദേശി​ച്ചത്. 2017ൽ അരിക്കൊമ്പനെ പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.

അരിക്കൊമ്പന്റെ വിക്രിയകൾ

■ കൊലപാതകം : 13

■ ഗുരുതര പരി​ക്ക് : 03

■ തകർത്ത വീടുകൾ : 24

■ തകർത്ത വാഹനങ്ങൾ: 04

■ കൃഷി​നാശം: കണക്കാക്കി​യി​ട്ടി​ല്ല