സി.എം. രവീന്ദ്രനെ രണ്ടാം ദിനവും 10 മണിക്കൂർ ചോദ്യം ചെയ്തു
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ടാം ദിവസമായ ഇന്നലെയും പത്തു മണിക്കൂർ ചോദ്യം ചെയ്തു. ചൊവ്വാഴ്ചയും പത്തു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാവിലെ എട്ടേകാലോടെ രവീന്ദ്രൻ ഇ.ഡി ഓഫീസലെത്തി. രാവിലെ 10ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടരയോടെ രവീന്ദ്രൻ മടങ്ങി. മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടോയെന്ന് ഇ.ഡി വെളിപ്പെടുത്തിയില്ല. ലൈഫ് മിഷൻ കരാറുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധവും കോഴയുടെ വിവരങ്ങളുമാണ് രവീന്ദ്രനോട് ചോദിച്ചത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കാട്ടിയായിരുന്നു ചോദ്യം ചെയ്യലെന്നാണ് സൂചന.
ശിവശങ്കറിന്റെ റിമാൻഡ് നീട്ടി
ലൈഫ് മിഷൻ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ റിമാൻഡ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്കു കൂടി നീട്ടി.