ഹരിത കർമ്മസേന ശക്തമാവണം: മന്ത്രി എം.ബി. രാജേഷ്

Thursday 09 March 2023 12:06 AM IST

തിരുവനന്തപുരം: ഹരിതകർമ്മ സേന ശുചിത്വ കേരളത്തിന് വേണ്ടിയുള്ള സൈന്യമാണെന്നും,28000 പേർ അംഗങ്ങളായുള്ള സേനയെ ശക്തിപ്പെടുത്തണമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഹരിതകർമ്മ സേനാസംഗമത്തിന്റെയും സ്ത്രീകൾക്കുള്ള കരാട്ടെ പരിശീലനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഹരിത

കർമ്മസേന കേരളത്തിന്റെ മാലിന്യ സംസ്‌കരണത്തിൽ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. നടപ്പ് സമ്പത്തിക വർഷം മാത്രം ഹരിതകർമ്മ സേന 5000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് നൽകിയത്. ഇത്തരത്തിൽ മാലിന്യം സമാഹരിച്ചില്ലായിരുന്നെങ്കിൽ കേരളത്തിന്റെ തെരുവുകൾ മാലിന്യക്കൂമ്പാരമായേനെയെന്നും മന്ത്രി പറഞ്ഞു.