ഹോളി... സംഗതി കളറായിട്ടാ...

Thursday 09 March 2023 12:17 AM IST
ഹോളി

കോഴിക്കോട്: നിറങ്ങളിൽ ആടിത്തിമിർത്ത് നഗരത്തിലെ ഉത്തരേന്ത്യക്കാരുടെ ഹോളി ആഘോഷം. കോഴിക്കോട് റെയിൽവേ കോളനി മൈതാനത്തും മഹേശ്വരി സഭ, ബൈരാഗി മഠത്തിലും നിറങ്ങളിൽ നീരാടിയും നൃത്തച്ചുവടുകൾ വച്ചുമായിരുന്നു ആഘോഷം കളറാക്കിയത്. രാവിലെ മുതലെ കുട്ടികളും മുതിർന്നവരും ഒറ്റയ്ക്കും ചെറുസംഘങ്ങളായും വിവിധ ഗ്രൗണ്ടുകളിൽ എത്തിയിരുന്നു. മധുരം വിതരണം ചെയ്തും കെട്ടിപിടിച്ചും അവർ സ്നേഹം പങ്കിട്ടു. വെള്ള വസ്ത്രം ധരിച്ചെത്തിയവരെല്ലാം തിരികെ പോകുമ്പോൾ വിവിധ വർണങ്ങളായി. പരസ്പരം നിറങ്ങൾ വാരിപ്പൂശിയും കളർ വെള്ളം ദേഹത്ത് തളിച്ചും ഹോളി ആഘോഷം കെങ്കേമമാക്കി. നഗരത്തിലെ വിവിധ ഉത്തരേന്ത്യൻ സംഘടനകളുടെ നേതൃത്വത്തിലാണ് നഗരത്തിൽ ഹോളി ആഘോഷം സംഘടിപ്പിച്ചത്.

കോളേജ് വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ആഘോഷത്തിൽ പങ്കാളികളായി.

വനിത ദിനത്തിൽ വനിതകൾക്ക് മാത്രമായി മൂന്നാലിങ്കൽ പങ്കജ് ഓഡിറ്രോറിയത്തിലും ബെെരാഗി മഠത്തിലും നടന്ന ഹോളി വ്യത്യസ്തമായി. ഉത്തരേന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കൊപ്പം മറ്റുള്ളവരും ചേർന്നതോടെ ആഘോഷങ്ങൾക്ക് നിറം കൂടി. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷത്തോളം ആഘോഷങ്ങൾ നിലച്ചതുകൊണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഏറെ ആവേശത്തോടെയാണ് ഹോളിയെ വരവേറ്റത്. ഒത്തുചേരലിന്റെ സന്തോഷത്തിനൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവച്ചാണ് എല്ലാവരും മടങ്ങിയത്.

Advertisement
Advertisement