മലിനജല സംസ്കരണ പ്ലാന്റ് വഴികാട്ടാൻ സരോവരം
പ്ലാന്റിന്റെ പ്രവർത്തനം വിജയകരമായാൽ മറ്റിടങ്ങളിലെ എതിർപ്പ് കുറയും
കോഴിക്കോട് : കോതിയിലും ആവിക്കൽ തോടിലുമെല്ലാം മലിനജല സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമായി തുടരുമ്പോൾ കോർപ്പറേഷന്റെ പ്രതീക്ഷ സരോവരത്തെ മലിനജല സംസ്കരണ പ്ലാന്റിൽ. ഈ പ്ലാന്റ് പ്രവർത്തനക്ഷമമായാൽ മറ്റ് ഇടങ്ങളിലെ എതിർപ്പ് കുറയ്ക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ കരുതുന്നത്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്ലാന്റിനെ നിർമ്മാണ ചുമതല കേരള വാട്ടർ അതോറിട്ടിയ്ക്കാണ്. കോതിയിലെയും ആവിക്കലിലെയും എതിർപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പദ്ധതി നേരിട്ട് നടപ്പാക്കുന്നതിൽ നിന്ന് കോർപ്പറേഷൻ പിൻമാറിയത്. കോർപ്പറേഷൻ തല അമൃത് കോർ കമ്മിറ്റി പദ്ധതി നേരിട്ട് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമൃത് സംസ്ഥാനതല ഉന്നത തല സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ സെന്റേജ് ചാർജ്, സൂപ്പർവിഷൻ ചാർജ് എന്നിവ ആവശ്യപ്പെടില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് പദ്ധതി വാട്ടർ അതോറിട്ടിയ്ക്ക് നൽകാൻ തീരുമാനിച്ചത്. പ്ലാന്റ് നിർമ്മാണം നടക്കുന്ന സ്ഥലം വാട്ടർ അതോറിട്ടിയുടെ കീഴിലാണ്. ഫെബ്രുവരി 24ന് ചേർന്ന അമൃത് കോർ കമ്മിറ്റിയിൽ ജല അതോറിറ്റി വിശദ പദ്ധതി രേഖ അവതരിപ്പിക്കുകയും അനുമതി നൽകുകയും ചെയ്തു. സർക്കാർ അനുമതി കൂടി ലഭ്യമായാൽ തുടർ നടപടികളിലേക്ക് കടക്കാൻ കഴിയും.
ചിലവ് 302 കോടി
സർക്കാറിന്റെ ഭരണാനുമതി കിട്ടിയാൽ 302 കോടി രൂപ ചിലവിൽ അമൃത് 2ൽ വകയിരുത്തിയാണ് പ്ലാന്റ് നിർമ്മിക്കുക. 302 കോടിയുടെ 33.33 ശതമാനം തുക കോർപ്പറേഷൻ വഹിക്കണം. അമൃത് പദ്ധതി പ്രകാരം സരോവരത്ത് രണ്ട് പ്ലാന്റുകളാണ് നിർമ്മിക്കുന്നത്. സരോവരത്ത് 27 എം.ഡി. ശേഷിയുള്ള പ്ലാന്റിന്റെ ഗുണം 22 വാർഡുകളിലെ ജനങ്ങൾക്ക് ലഭ്യമാവും. 170 കിലോമീറ്റർ മാലിന്യം കൊണ്ട് പോവാനുള്ള പൈപ്പിട്ട് 34,195 ത്തോളം വീടുകൾക്ക് സൗകര്യം എത്തിക്കും. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായാൽ ചാലപ്പുറം, തിരുത്തിയാട്, കോട്ടൂളി, സിവിൽസ്റ്റേഷൻ, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, പാളയം, വലിയങ്ങാടി, മൂന്നാലിങ്ങൽ വാർഡുകൾക്കാണ് ഗുണം ലഭിക്കുക. സരോവരത്തെ വാട്ടർ അതോറിറ്റി ഓഫീസുകൾക്കടുത്ത് 2.6 ഏക്കർ സ്ഥലത്താണ് പ്ലാന്റ് നിർമ്മാണം, എ.ഡി.ബി സഹായത്തോടയെുള്ള സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം പ്ലാന്റ് നിർമിക്കാനാണ് വാട്ടർ അതോറിറ്റി സ്ഥലം കൈമാറിയിരുന്നത്. അന്ന് കേസും മറ്റുമായി നടപ്പാകാതെ പോയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി ജല അതോറിറ്റി പുതിയ വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയായിരുന്നു.
നിർമ്മിക്കുന്നത് 2 പ്ലാന്റുകൾ
34,195 വീടുകൾക്ക് സേവനം ലഭിക്കും