എഴുകോണിൽ പ്ലാറ്റ്ഫോം ഉയരക്കുറവിന് പരിഹാരമില്ല ആര് വീഴുമെന്ന് കാത്ത് അധികൃത‌ർ

Thursday 09 March 2023 12:29 AM IST
ട്രെയിനിൽ കയറാൻ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട്

എഴുകോൺ : എഴുകോൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവിന് പരിഹാരമായില്ല. ട്രെയിനിൽ കയറാനും ഇറങ്ങാനും വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർ അനുഭവിക്കുന്നത്. വയോധികരുടെയും രോഗികളുടെയും കാര്യമാണ് ഏറെ കഷ്ടം .

ഈ ഭാഗത്ത് പാളത്തിന് വളവുള്ളതിനാൽ ചില ബോഗികൾ പ്ലാറ്റുഫോമിൽ നിന്ന് അകന്നു മാറിയാണ് നിൽക്കുന്നത്. ഈ ബോഗികളിലാണ് എഴുകോണിൽ ഇറങ്ങേണ്ടവർ ഉള്ളതെങ്കിൽ പ്ലാറ്റ്ഫോമിലേക്ക് ലോംഗ് ജംപ് ചെയ്യുകയേ നിർവാഹമുള്ളു. ഒരു മിനിട്ട് മാത്രമാണ് ട്രെയിനുകൾ ഇവിടെ നിറുത്തുന്നത്. തലനാരിഴക്കാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് ഉടൻ പരിഹരിക്കുമെന്ന് നിരവധി തവണ ബന്ധപ്പെട്ടവർ ഉറപ്പു നൽകിയിരുന്നു. പരിശോധന നടത്തി എസ്റ്റിമേറ്റും തയ്യാറാക്കി. പിന്നീട് പതിവു പോലെ മെല്ലെ പോക്കായി.

അവഗണനയും യാത്രാദുരിതവും

ആർക്ക് അപകടം പറ്റാനാണ് ഈ കാത്തിരിപ്പെന്നാണ് യാത്രക്കാർ രോഷത്തോടെ ചോദിക്കുന്നത്. പ്ലാറ്റ് ഫോമിൽ ഷെൽട്ടറുകളും പടിക്കെട്ടുകളിൽ മേൽക്കൂരയും അടുത്ത കാലത്ത് സ്ഥാപിച്ചിരുന്നു. എന്നാൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്ന പ്ലാറ്റ്ഫോമിന്റെ നവീകരണം വൈകുന്നതിന് അധികൃതർക്ക് മറുപടിയില്ല. നിലവിൽ ബോഗികൾ കുറഞ്ഞ ട്രെയിനുകളാണ് പാസഞ്ചറായി സർവീസ് നടത്തുന്നത്. എഴുകോണിൽ എത്തുമ്പോഴേക്കും തിങ്ങി നിറഞ്ഞിരിക്കും. സ്റ്റേഷനിലേക്കുള്ള പ്രധാന കവാടത്തിൽ ഒരു സൂചനാ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. അടുത്ത കാലത്ത് റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം ഇവിടെ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. പിന്നാലെ ശക്തമായ ന്യായവാദങ്ങൾ നിരത്തി സ്ഥലം എം.പി. കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തി.

എന്നാൽ അവഗണനയ്ക്കും യാത്രാദുരിതത്തിനും നേരിയ പരിഹാരം പോലും ഉണ്ടായിട്ടില്ല.

പ്ലാറ്റ് ഫോമിന്റെ ഉയരക്കുറവ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം. വയോധികരായ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

ജെ.ആർ.രാംരാജ്

അമ്പാടി,പോച്ചംകോണം

ട്രെയിനിൽ കയറാനുള്ള ബുദ്ധിമുട്ട് വിവരണാതീതമാണ്. ഒരിക്കൽ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

എം.ജിനിമോൾ

എഴുകോൺ