ഷുക്കൂർ വക്കീലിന് കെട്ട്യോൾ തന്നെ മാലാഖ ; ആഘോഷിച്ച് പെൺമക്കൾ

Thursday 09 March 2023 12:33 AM IST

കാഞ്ഞങ്ങാട്:ന്നാ താൻ കേസ് കൊട് സിനിമയിൽ മജിസ്ട്രേട്ടിന് മുന്നിൽ പരുങ്ങിയ ഷുക്കൂ‌ർ വക്കീൽ ജീവിതത്തിൽ വിപ്ലവകാരിയാണ്. മുസ്ലീം പിന്തുടർച്ചാ നിയമത്തിന് വഴങ്ങാതെ,​ ഭാര്യ ഡോ. ഷീനയെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം ചെയ്‌തു. തന്റെ സ്വത്തുക്കൾ മൂന്ന് പെൺമക്കൾക്ക് കിട്ടാൻ വേണ്ടിയാണ് വക്കീലിന്റെ നിയമബുദ്ധി പ്രയോഗിച്ചത്. ലോക വനിതാ ദിനത്തിൽ നടന്ന വാപ്പയുടെയും ഉമ്മയുടെയും രണ്ടാം നിക്കാഹ് ആഘോഷമാക്കി മക്കളായ ഖദീജ ജാസ്മിനും ഫാത്തിമ ജെബിനും ഫാത്തിമ ജെസയും സാക്ഷ്യം വഹിച്ചു.

മതാചാര പ്രകാരമുള്ള വിവാഹം നിലനിൽക്കെ നടത്തിയ രണ്ടാം കെട്ടിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ഷുക്കൂർ വക്കീൽ പറയും - ന്നാ താൻ കേസ് കൊട്...

ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകനായിരുന്ന സി.ഷുക്കൂറും കണ്ണൂർ സർവ്വകലാശാല മഞ്ചേശ്വരം ലോ കാമ്പസ് ഡയറക്ടർ ഡോ.ഷീനയും ഇന്നലെ രാവിലെ ഹൊസ്ദുർഗ് സബ് രജിസ്ട്രാർ വി.വി. മധുസൂദനന് മുമ്പാകെയാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്. തങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കണമെന്ന നോട്ടീസ് ഇരുവരുടെയും ഫോട്ടോ സഹിതം രജിസ്ട്രാഫീസിലെ ബോർഡിൽ പതിച്ചിരുന്നു.

1994 ഒക്‌ടോബർ 6നായിരുന്നു ഇസ്ലാം മതാചാര പ്രകാരം ഇവരുടെ വിവാഹം.

ഇസ്ളാമിക നിയമപ്രകാരം മാതാപിതാക്കളുടെ സ്വത്ത് മുഴുവനായും പെൺമക്കൾക്ക് ലഭിക്കില്ല. മാതാപിതാക്കളുടെ കാലശേഷം സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ പെൺമക്കൾക്ക് ലഭിക്കൂ. ആൺ മക്കളില്ലെങ്കിൽ ഒരോഹരി സഹോദരങ്ങൾക്ക് നൽകണം. അതൊഴിവാക്കി മുഴുവൻ സ്വത്തും പെൺമക്കൾക്ക് കിട്ടാൻ ഏകവഴി 1954ൽ പാർലമെന്റ് പാസാക്കിയ സ്‌പെഷ്യൽ മാര്യേജ് ആക്ട് ആണ്. അതിനാണ് ഷുക്കൂർ വക്കീൽ ആ നിയമ പ്രകാരം ഡോ. ഷീനയെ വീണ്ടും വിവാഹം ചെയ്തത്.

കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സജീവ് , സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.വി.രമേശൻ എന്നിവർ സാക്ഷികളായി ഒപ്പിട്ടു.

ഷുക്കൂറിന്റെ സഹോദരൻ മുനീറിന്റെ ഭാര്യ സാഹിറ ദുബായിൽ നിന്ന് എത്തിയിരുന്നു.

മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതി ഞാനും സഹോദരിമാരും സന്തോഷത്തിലാണ്.അന്തർദേശീയ വനിതാ ദിനത്തിൽ ഞങ്ങളാണ് അംഗീകരിക്കപ്പെട്ടത്

- ഖദീജ ജാസ്‌മിൻ (മകൾ)

ഏകസിവിൽകോഡിനെ പിന്തുണച്ചല്ല ഞാൻ വിവാഹം രജിസ്റ്റർ ചെയ്തത് . സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. റിയാസ് മൗലവി വധക്കേസിലും കെ.സുരേന്ദ്രൻ പ്രതിയായ തിരഞ്ഞെടുപ്പ് കേസിലും മതവൈരം വളർത്തുന്ന പ്രസംഗത്തിലും എന്റെ നിലപാടുകൾ സമൂഹം അംഗീകരിച്ചിട്ടുണ്ട്. സമാന ചിന്താഗതിക്കാരുടെ കൺവെൻഷൻ 12 ന് കോഴിക്കോട്ട് ചേരും.

--അഡ്വ.ഷുക്കൂർ