പനിച്ചൂരിലും മരുന്നില്ലാതെ ഗവ. ആശുപത്രികൾ

Thursday 09 March 2023 12:35 AM IST

മലപ്പുറം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുമ്പോൾ, സർക്കാർ ആശുപത്രികളിൽ പാരാസെറ്റമോളിനുൾപ്പെടെ ക്ഷാമം. നിർദ്ധന രോഗികൾക്ക് പുറത്തു നിന്ന് മരുന്ന് വാങ്ങേണ്ടി വരുന്നു.

കൊവിഡ് കാലത്ത് രോഗികളുടെ വരവ് കുറഞ്ഞതോടെ മരുന്ന് വാങ്ങലും കുറച്ചിരുന്നു. ഇപ്പോഴും അതേനില തുടരുന്നതാണ് പ്രശ്നം. 2020 - 2021ൽ ചെലവായ മരുന്നിന്റെ കണക്ക് അടിസ്ഥാനമാക്കിയാണ് തുടർന്നുള്ള ഓർഡറും കേരള മെഡിക്കൽ സർവീസ് കോർപറേഷന് നൽകിയത്.

ഒ.പികളിൽ പനി രോഗികളടക്കമുള്ളവരുടെ എണ്ണം കൂടിയതോടെ മരുന്ന് ഉപയോഗം കുത്തനെ വർദ്ധിച്ചു. പ്രതിസന്ധി പരിഹരിക്കാൻ, ഓർഡർ ചെയ്‌തതിന്റെ 25 ശതമാനം അധികം നൽകുമെന്ന് രണ്ടുമാസം മുമ്പ് അറിയിച്ചെങ്കിലും മിക്ക ആശുപത്രികളിലും ലഭിച്ചില്ല. ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, കഫ് സിറപ്പുകൾ, ഐ ഡ്രോപ്സ്, കുട്ടികൾക്കുള്ള സിറപ്പുകൾ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾക്കാണ് കൂടുതൽ ക്ഷാമം.

 ആന്റിബയോട്ടിക്കുകളും അന്യം

വേദനസംഹാരിയായ അസിക്‌ളോഫെനാക്, ആന്റിബയോട്ടിക്കായ അമോക്സിസിലിൻ, ഗ്യാസ്ട്രിക് രോഗങ്ങൾക്കുള്ള പാന്റോപ്രസോൾ, ഒമിപ്രസോൾ, പ്രമേഹത്തിനുള്ള ഗ്ലിമിപിറൈഡ്, മെറ്റ്‌ഫോർമിൻ, രക്തസമ്മർദ്ദത്തിനുള്ള ടെൽമിസാർട്ടാൻ, കൊളസ്ട്രോളിനുള്ള അറ്റോർവാസ് സ്റ്റാറ്റിൻ, ഹൃദ്‌രോഗത്തിനുള്ള ക്ലോപിഡോഗ്രൽ എന്നിങ്ങനെ ഡോക്ടർമാർ കൂടുതൽ കുറിക്കുന്ന മരുന്നുകൾ മിക്ക ആശുപത്രികളിലുമില്ല. വൈറൽ പനി കൂടുതലുള്ള ഇടങ്ങളിൽ പാരസെറ്റമോളുമില്ല. ഒക്ടോബറിലാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മരുന്നുകളുടെ ലിസ്റ്റ് ആശുപത്രികൾ ഓൺലൈനായി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന് (കെ.എം.എസ്.സി.എൽ) സമർക്കുന്നത്. മരുന്ന് വാങ്ങാൻ തദ്ദേശസ്ഥാപനങ്ങൾക്കും തുക വകയിരുത്താം. ഇത്തരത്തിൽ പണമടച്ചിട്ടും കെ.എം.എസ്.സി.എല്ലിൽ നിന്ന് മരുന്ന് ലഭിക്കുന്നില്ല.

വൈറൽപനിക്ക് ചികിത്സ തേടിയവർ

 2020- 12.65 ലക്ഷം

 2021- 14.63 ലക്ഷം

 2022- 32.74 ലക്ഷം

 2023- 5,30,771(ഇതുവരെ)

 2018- 29.35 ലക്ഷം (കൊവിഡിന് മുമ്പ്)