സ്വകാര്യ മൊബൈൽ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു

Thursday 09 March 2023 12:43 AM IST
ഓച്ചിറ മഠത്തിൽക്കാരാണ്മയിൽ ടവർ നിർമാണത്തിന് എടുത്തകുഴി നാട്ടുകാർ നികത്തുന്നു

ഓച്ചിറ: ജനവാസ മേഖലയിൽ സ്വകാര്യ മൊബൈൽ ടവർ നിർമ്മിക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. മഠത്തിൽക്കാരാണ്മയിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ വീടുകൾക്കിടയിലും അങ്കണവാടിക്ക് തൊട്ടടുത്തായാണ് സ്വകാര്യ മൊബൈൽ ടവർ നിർമ്മാണം ആരംഭിച്ചത് . സ്വകാര്യ ഭൂമിയിൽ ജെ.സി.ബി ഉപയോഗിച്ച് വൻകുഴിയെടുത്ത് ടവർ നിർമ്മിക്കാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാർ കുഴി നികത്താൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ഓച്ചിറ പൊലീസും പഞ്ചായത്ത്‌ അധികൃതരും എത്തി നിർമ്മാണപ്രവർത്തനം നിറുത്തി വെക്കുവാൻ ആവശ്യപ്പെട്ടപ്പോഴാണ് നാട്ടുകാർ പിരിഞ്ഞു പോയത്. മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമപ്രകാരം അല്ലാതെയും ഉള്ള ടവർ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.