സ്‌ത്രീ മുന്നേറ്റത്തിൽ പിന്നോട്ടോയെന്ന് പരിശോധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്‌ത്രീ മുന്നേറ്റങ്ങളിൽ കേരളം പിന്നോട്ട് പോയോയെന്ന് പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ പാഠശാല പദ്ധതിയുടെ ഉദ്ഘാടനവും വനിതാരത്ന പുരസ്‌കാര വിതരണവും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചെങ്കിൽ മാത്രമേ സ്‌ത്രീകൾക്ക് സാമൂഹികമായി മുന്നേറാൻ സാധിക്കുകയുളളൂ. നൂതന വ്യവസായ സംരഭങ്ങളിൽ സ്‌ത്രീകൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. സത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയാണ് ലക്ഷ്യം. ഓരോ നിയോജക മണ്ഡലങ്ങളിലെയും നൂറ് വീടുകളിലാണ് കെഫോൺ ആദ്യം നടപ്പിലാക്കുന്നത്. ഡിജിറ്റൽരംഗത്തെ പുരുഷ-സ്‌ത്രീ അന്തരം കുറയ്‌ക്കാൻ കെ ഫോൺ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായ ചടങ്ങിൽ കെ.സി.ലേഖ,നിലമ്പൂർ ആയിഷ,ലക്ഷ്‌മി എൻ.മേനോൻ,ഡോ.ആർ.എസ്.സിന്ധു എന്നിവർ വനിതാരത്നം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മന്ത്രിമാരായ ആന്റണി രാജു,ജെ.ചിഞ്ചുറാണി,വി.ശിവൻകുട്ടി,വി.കെ.പ്രശാന്ത് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മേയർ ആര്യാ രാജേന്ദ്രൻ,വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.പി.റോസക്കുട്ടി, വനിതാ-ശിശുവികസന വകുപ്പ് ഡയറക്‌ടർ പ്രിയങ്ക.ജി തുടങ്ങിയവർ പങ്കെടുത്തു.