സി.ഇ. ഹസ്സൻ അവാർഡ് മഞ്ചു വെള്ളായണി ഏറ്റുവാങ്ങി

Thursday 09 March 2023 4:11 AM IST

തിരുവനന്തപുരം : കമലേശ്വരം ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാലയുടെ സി.ഇ. ഹസ്സൻ സ്മാരക അവാർഡ് കവിയും കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട് എഡിറ്ററുമായ മഞ്ചു വെള്ളായണിക്ക് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. 'ജലജമന്തികൾ" എന്ന കവിതാസമാഹാരത്തിനാണ് 10,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് . ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് നിർണ്ണയ സമിതി അദ്ധ്യക്ഷൻ ബഷീർ മണക്കാട് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.എം. മുരളി സി.ഇ. ഹസ്സൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ്, കൗൺസിലർമാരായ ഡി. സജുലാൽ, വി. വിജയകുമാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്. മോഹനകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. സുധീർ നന്ദിയും പറഞ്ഞു. മഞ്ചുവെള്ളായണി മറുപടി പ്രസംഗം നടത്തി.

ചടങ്ങിൽ കാവ്യാലാപന മത്സരവിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി.