ബ്രഹ്മപുരം എവിടെയും സംഭവിക്കാമെന്ന് ഓർമ്മപ്പെടുത്തി ഹൈക്കോടതി

Thursday 09 March 2023 4:13 AM IST

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചതുപോലുള്ള സംഭവം കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന് ഹൈക്കോടതി. വാതിലും ജനാലയും അടച്ചു വീട്ടിനുള്ളിലിരിക്കൂവെന്നു പറയാൻ എളുപ്പമാണ്. വിഷപ്പുക അകത്തേക്കു കടന്നു വരില്ലെന്നു വല്ല ഉറപ്പുമുണ്ടോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

പാതയോരങ്ങളിലെ അനധികൃത കൊടി തോരണങ്ങളും ബോർഡുകളും നീക്കണമെന്ന ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം നഗരം മുഴുവൻ ബോർഡുകളാണ്. ഇതൊക്കെ നീക്കിയെന്നു പറയുമ്പോഴും ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും ഡമ്പിംഗ് യാർഡുകളിലേക്കാണ് എത്തുന്നത്. ഇവ കത്തുമ്പോഴും വിഷപ്പുകയാണ് പുറത്തു വരുന്നത്. അനുഭവത്തിൽ നിന്ന് ആരും പഠിക്കുന്നില്ല. നമ്മൾ പൗരന്മാരാണ് ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത്. കുട്ടികളുടെയും പ്രായമായവരുടെയും കാര്യം ഓർക്കുമ്പോൾ ഭയമാണെന്നും സിംഗിൾബെഞ്ച് പറഞ്ഞു. ഹർജികൾ മാർച്ച് 31 നു വീണ്ടും പരിഗണിക്കും.