ഈ തോക്കിന് മുന്നിൽ പിടിച്ചുനിൽക്കാൻ കാട്ടാനയ്ക്കുപോലും കഴിയില്ല, പക്ഷേ ഉപയോഗിക്കാൻ ലൈസൻസ് വേണ്ടേ വേണ്ട, വില വെറും 5000രൂപ, താല്പര്യമുണ്ടെങ്കിൽ നിർമാണവും പഠിക്കാം
കട്ടപ്പന:കാട്ടുമൃഗങ്ങളുടെ ശല്യം നിമിത്തം ആത്മഹത്യാമുനമ്പിൽ എത്തിനിൽക്കുന്ന കർഷകർക്ക് ആശ്വാസമേകാൻ പുതിയ കണ്ടുപിടുത്തവുമായി ഒരു കർഷകൻ. കട്ടപ്പന അയ്യപ്പൻകോവിൽ വളതൂക്കിൽ വി എൻ സേതു (55)വാണ് കർഷകർക്ക് ഏറെ ആശ്വാസമാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. സ്വന്തം വർക്ക് ഷോപ്പിൽ രൂപകൽപ്പന ചെയ്ത തോക്കിന്റെ ആകൃതിയിലുള്ള ഹാൻഡ് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ആർക്കും ഇനി ലൈസൻസ് ഇല്ലാതെ വെടി വയ്ക്കാം, കാട്ടുമൃഗങ്ങളെ ഓടിക്കാം. 'വൈൽഡ് ആനിമൽ ഡിഫെൻസ് എക്യുപ്‌മെന്റ് 'എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഉപയോഗിച്ച് ആനയെ മുതൽ കുരങ്ങിനെ വരെ പറപറത്താം.
കാട്ടുമൃഗങ്ങളുടെ പ്രത്യേകിച്ച് കാട്ടുപന്നിയുടെ ശല്യത്താൽ കർഷകർ വലയുന്ന ഇക്കാലത്ത് പുതിയ കണ്ടുപിടുത്തം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയാണുളളത്. പുരയിടത്തിൽ കൃഷി ചെയ്യുന്ന ഒരു വിള പോലും കർഷകന് ലഭിക്കാത്ത സ്ഥിതിയാണ് ല്ലപ്പോഴുള്ളത്. ഓരോ ദിവസവും കാട്ടുപന്നികൾ ഏക്കർ കണക്കിന് കൃഷിവിളകൾ നശിപ്പിക്കുന്നു. ഇത് കണ്ടും കെട്ടും മടുത്തപ്പോഴാണ് പുതിയ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേയ്ക്ക് സേതു തിരിഞ്ഞത്.
കാട്ടുമൃഗങ്ങൾ ദൂരെ നിന്ന് വരുമ്പോഴോ, വരാൻ സാദ്ധ്യത ഉണ്ടെന്ന് അറിയുമ്പോഴോ വെടിവെയ്പ്പ് തുടങ്ങാം. തിരയായി ഉണ്ടയാണ് ഉപയോഗിക്കുന്നത്. ട്രിഗർ വലിച്ചാൽ മൈക്രോ സെക്കൻഡിൽ ഇത് പുറത്തേയ്ക്ക് തെറിക്കും. 500മീറ്റർ ദൂരം വരെ വായുവിൽ കൂടി പറന്ന് സ്‌ഫോടനം സംഭവിക്കും. ദൂരത്തിനനുസരിച്ച് പല തരം തിരകൾ ഉണ്ട്. ശബ്ദം മാമ്രേ ഉള്ളൂ എന്നതിനാൽ മൃഗങ്ങൾക്കോ, കൃഷിയിടത്തിനോ ദോഷമില്ല.രണ്ട് മൂന്ന് പ്രാവശ്യം ഇത് പ്രയോഗിച്ചാൽ പിന്നെ ആ പ്രദേശത്തു കാട്ടുമൃഗങ്ങൾ സാധാരണ ഗതിയിൽ വരാറില്ലെന്ന് ഉപയോഗിച്ചവർ പറയുന്നു. 5000രൂപയോളമാണ് നിർമാണ ചെലവ്. താല്പര്യമുളകവർക്ക് നിർമാണത്തിൽ പരിശീലനം നൽകുന്നുണ്ട്.
എട്ട്മാസത്തെ പ്രയത്നഫലം
എട്ട് മാസം മുൻപാണ് ഹാൻഡ് റോക്കറ്റ് ലോഞ്ചറിന്റെ നിർമാണം ആരംഭിച്ചത്. ഇതിന് ആദ്യമായി ലൈറ്റ് മെഷീൻ ഗണിന്റെ ഒരു ആകൃതി തെരഞ്ഞെടുത്തു. സ്വന്തമായുള്ള വർക്ക് ഷോപ്പിൽ നിർമാണവും തുടങ്ങി. വിവിധഘട്ടങ്ങൾ പിന്നിട്ട് കഴിഞ്ഞ മാസം നിർമ്മാണം പൂർത്തിയാക്കി വിജയകരമായി പരീക്ഷിച്ചു. ഇരുമ്പ് ദണ്ഡുകൾ ആറെണ്ണം, ഒരു സെറ്റ് ബാറ്ററി, രണ്ട് ഹാൻഡിൽ, പിന്നെ കുറേ ചെറിയ ടൂളുകൾ, ഇത്രയുമാണ് ഈ തോക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.