വൈദേകം റിസോർട്ടിലെ ലക്ഷങ്ങളുടെ ഓഹരി വിൽക്കാനൊരുങ്ങി ഇ പിയുടെ കുടുംബം; തീരുമാനം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ

Thursday 09 March 2023 11:09 AM IST

തിരുവനന്തപുരം: കണ്ണൂർ വൈദേകം റിസോർട്ടിലെ ഓഹരി വിൽക്കാൻ ഒരുങ്ങി ഇ പി ജയരാജന്റെ കുടുംബം. ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്സണുമാണ് ഓഹരി വിൽക്കുന്നത്. റിസോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഓഹരികൾ വിൽക്കുകയാണ് എന്ന വിവരം ഡയറക്ടർ ബോർഡിനെ ഇവർ അറിയിച്ച് കഴിഞ്ഞു.

ഇ പിയുടെ ഭാര്യ ഇന്തിരയ്ക്ക് 81.99 ലക്ഷത്തിന്റെയും ജയ്സണ് പത്ത് ലക്ഷം രൂപയുടെയും ഓഹരികളാണുള്ളത്. ഇരുവർക്കുമായുള്ള 91.99 ലക്ഷം രൂപയുടെ ഓഹരി വിൽക്കുന്നതിലൂടെ ഇ പിയുടെ കുടുംബം പൂർണമായും വൈദേകം റിസോർട്ടിൽ നിന്ന് പിന്മാറുകയാണ്. പാർട്ടി നിർദേശത്തെ തുടർന്നുള്ള നീക്കമാണ് ഇതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. ഇ പിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുൻ എംഡി കെ പി രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷംരൂപയുടെ ഷെയറുകളുണ്ട്. എന്നാൽ വ്യക്തിയെന്ന നിലയിൽ ഇന്ദിരയ്ക്കാണ് കൂടുതൽ ഷെയറുകളുള്ളത്.

അതേസമയം, വൈദേകം റിസോർട്ടിന്റെ ടിഡിഎസ് രേഖകളും നിക്ഷേപകരെ കുറിച്ചുള്ള വിശദാംശങ്ങളും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പിന് കൈമാറിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയുടെ ഭാഗമായി ആദായനികുതി വകുപ്പ് നേരത്തേ നോട്ടീസ് നൽകിയിരുന്നു.

Advertisement
Advertisement