ടൂറിസ്റ്റ് വിസ ഇനി വേഗത്തിൽ കൈക്കലാക്കാം, പുതിയ മാനദണ്ഡവുമായി സൗദി; ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് സുവർണാവസരം

Friday 10 March 2023 12:17 AM IST

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലേയ്ക്കുള്ള യാത്രകള്‍ക്കായി ടൂറിസ്റ്റ് വിസ അനുവദിക്കുന്നതില്‍ പുതിയ നിര്‍ദേശം പുറത്തിറക്കി സൗദി. അതാത് രാജ്യങ്ങളില്‍ നിയമവിധേയമായി താമസിക്കുന്ന എല്ലാവര്‍ക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ഇതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ വസിക്കുന്നവരുടെ ജോലി മാനദണ്ഡമാക്കില്ല.

ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായ ഇവന്റുകള്‍, വിനോദ പരിപാടികളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയെല്ലാം ഇത്തരം വിസയില്‍ വരുന്നവര്‍ക്ക് അനുവദനീയമാണ്. എന്നാല്‍ ഇവര്‍ക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കര്‍മങ്ങളുടെ ദിനങ്ങളില്‍ ഉംറ നിര്‍വഹിക്കുന്നതിനോ അനുമതിയില്ല.

https://visa.mofa.gov.sa/ എന്ന വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂര്‍ത്തിയാകണം. കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് ആറ് മാസത്തേയും റസിഡന്‍സി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി നിര്‍ബന്ധമാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്. 300 റിയാല്‍ ഫീയിനത്തില്‍ അടയ്ക്കണം.

സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അനുവദിക്കുന്നത് മുതല്‍ മൂന്ന് മാസത്തേക്ക് കാലാവധിയുണ്ടായിരിക്കും. മൂന്ന് മാസം വരെ രാജ്യത്ത് തങ്ങാന്‍ സാധിക്കുന്നതും ഒരു വര്‍ഷത്തേക്ക് സാധുതയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ലഭ്യമാണ്.