ബ്രഹ്മപുരം; ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി

Friday 10 March 2023 4:00 PM IST

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി.

അതേസമയം, ബ്രഹ്മപുരത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് കോർപറേഷനോട് കോടതി ചോദിച്ചു. ജഡ്ജിമാർക്കും ജീവനക്കാർക്കും തലവേദന അനുഭവപ്പെട്ടെന്ന് കോടതി അറിയിച്ചു. തീ പൂർണമായും അണച്ചെന്ന് കോർപറേഷൻ മറുപടി നൽകി.

Advertisement
Advertisement