കൊടുംവേനലിൽ തീറ്റപുല്ലിന് ക്ഷാമം

Saturday 11 March 2023 12:26 AM IST

പാലക്കാട്: വേനൽ കനത്തതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. പുല്ലിന്റെയും പാലിന്റെയും കുറവിനൊപ്പം കാലിത്തീറ്റയുടെ വില വർദ്ധനയും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. വേനൽക്കാല സബ്സിഡി കുറച്ച് മിൽമയും കർഷകരെ ദ്രോഹിക്കുന്നതായാണ് ആരോപണം.

കടുത്ത വേനലിൽ തീറ്റപുല്ലിന് ഉണ്ടായ ക്ഷാമമാണ് കർഷകരെ കൂടുതൽ വലയ്ക്കുന്നത്. പകരം വൈക്കോലോ കാലിത്തീറ്റയോ നൽകാമെന്ന് വച്ചാൽ അവയുടെ വിലയും താങ്ങാനാവുന്നില്ല. രണ്ടു മാസത്തിനിടെ കാലിത്തീറ്റ ചാക്കൊന്നിന് 225 രൂപ വില കൂടി. 1025 ആയിരുന്നത് 1250 രൂപ ആയി ഉയർന്നു.

ചൂടുമൂലം പാൽ ഉല്പാദനത്തിൽ 15% വരെ കുറവുണ്ടായിരിക്കുമ്പോഴാണ് മിൽമ സബ്സിഡി കുറച്ചത്. ഒരു ലിറ്റർ പാലിന് 32 രൂപയാണ് ഇപ്പോൾ കർഷകർക്ക് കിട്ടുന്നത്. ലിറ്ററിന് 50 രൂപയെങ്കിലും കിട്ടിയാലേ നിലവിലെ സാഹചര്യത്തിൽ പിടിച്ച് നിൽക്കാനാകൂ. കാർഷിക വിളകളിലെ ഉല്പാദനത്തിലെയും വിലക്കുറവിലെയും ക്ഷീണം മറികടക്കാൻ ക്ഷീരമേഖലയെയാണ് പലരും ആശ്രയിച്ചിരുന്നത്. എന്നാൽ ഇതും ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു.