ഊട്ടറ പാലത്തിലെ ടാറിംഗ് പൂർത്തിയായി; അടുത്തമാസം തുറക്കും

Saturday 11 March 2023 12:01 AM IST
ഊട്ടറ പാലത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു

കൊല്ലങ്കോട്: ഊട്ടറ ഗായത്രിപ്പുഴ പാലത്തിന്റെ ടാറിംഗ് പൂർത്തിയായി. അവസാനഘട്ട നവീകരണ പ്രവൃത്തികൾ തുടരുകയാണ്. ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കും. ശേഷം തൂണുകൾ ബലപ്പെടുത്തി അടുത്ത മാസം ആദ്യ ആഴ്ച പാലം തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്സി.എൻജിനീയർ സി.ശിവൻ പറഞ്ഞു.

കുഴിയടക്കൽ, വശങ്ങൾ ബലപ്പെടുത്തൽ, ഗർത്തമുണ്ടായ സ്ഥലത്ത് സ്ലാബുകൾ പുതുതായി കോൺക്രീറ്റ് ചെയ്യൽ, പാലത്തിന്റെ അടിവശത്ത് തുരുമ്പെടുത്ത കമ്പികൾ പുറത്തുകാണുന്ന ഭാഗത്ത് കോൺക്രീറ്റ് പാക്കിംഗ് ചെയ്യുന്ന പ്രവൃത്തി എന്നിവയാണ് പുരോഗമിക്കുന്നത്.

ചെറുവാഹനങ്ങളും ബസ് ഒഴികെ പാസഞ്ചർ വാഹനങ്ങൾക്കും പോകാവുന്ന രീതിയിൽ പാലത്തിന്റെ ഇരുവശത്തും മൂന്നുമീറ്റർ ഉയരത്തിൽ ബാരിയർ സ്ഥാപിച്ചിട്ടുണ്ട്. ബസ്, ചരക്കുവാഹനങ്ങൾ എന്നിവ കടന്നുപോയാൽ പാലത്തിന് വീണ്ടും തകരാർ സംഭവിക്കുമെന്ന കണ്ടെത്തലാണ് ബാരിയർ സ്ഥാപിക്കാൻ കാരണം. പാലത്തിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ജനുവരി എട്ടുമുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. പാലം അറ്റകുറ്റപ്പണിക്ക് 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.

പാലം തുറക്കുന്നതും കാത്ത്

പാലം തുറക്കുന്നതും കാത്തിരിക്കുകയാണ് യാത്രക്കാർ. ആദ്യഘട്ടത്തിൽ ആംബുലൻസ്, ഓട്ടോ, കാർ ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയേ കടത്തിവിടൂ. ബസ് സർവീസ് ആലമ്പള്ളം വഴി തുടരും. ചരക്ക് വാഹനങ്ങൾ നെന്മാറ, വണ്ടിത്താവളം വഴി പോകണം.

മാസങ്ങളോളം കാത്തിരിക്കാതെ പണിക്കാവശ്യമായ ഫണ്ട് അനുവദിച്ചതും പൊതുമരാമത്തിന്റെ കൃത്യമായ ഇടപെടലും കരാറെടുത്തവരുടെ അതിവേഗത്തിലുള്ള പണികളുമാണ് പ്രവൃത്തികൾ വേഗത്തിലാകാൻ കാരണം.

പുതിയ പാലം എപ്പോൾ?

പുതിയ പാലത്തിന് കരാർ നൽകാൻ അനുമതിയായെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. കിഫ്ബി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അനുമതിപത്രം സ്ഥലമുടമ നേരത്തെ നൽകിയതാണ്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് കരാർ നൽകാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. കരാർ നടപടി പുർത്തിയായാൽ ഒരു വർഷത്തിനകം പുതിയ പാലം പൂർത്തീകരിക്കാനാകും. 20 കോടി രൂപയാണ് ഊട്ടറ പുഴ പാലത്തിനും റെയിൽവേ മേൽപാലത്തിനും കിഫ്ബി അനുവദിച്ചത്.