സൂര്യൻ തിളച്ച് മറിയുന്നു, പൊള്ളാതെ നോക്കണം

Saturday 11 March 2023 4:56 AM IST

തിരുവനന്തപുരം : വേനൽ ശക്തിപ്രാപിച്ചതോടെ സൂര്യാഘാതവും സൂര്യാതപവും വെല്ലുവിളിയാകുന്നതിനാൽ പകൽ പുറത്തിറങ്ങുന്നവരും വെയിലത്ത് പണിയെടുക്കുന്നവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം. നേരിയ ലക്ഷണങ്ങളുണ്ടാകുമ്പോൾ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇവ കാരണമാകും.

 സൂര്യാഘാതം

ശരീരത്തിൽ കടുത്തചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാത സാദ്ധ്യത കൂടുതൽ.

അന്തരീക്ഷ താപം ഉയർന്ന് ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശാരീരിക പ്രവർത്തനങ്ങൾ തകരാറിലാക്കുന്നതാണ് സൂര്യാഘാതം. ചിലഘട്ടങ്ങളിൽ മരണസാദ്ധ്യതവരെയുണ്ട്.

 ലക്ഷണങ്ങൾ ശരീരോഷ്മാവ് ഉയരുക,ചർമ്മം വരണ്ടുപോകുക,ശ്വസനപ്രക്രിയ സാവധാനമാകുക,മാനസിക പിരിമുറുക്കമുണ്ടാവുക,തലവേദന,പേശിമുറുകൽ,കൃഷ്ണമണി വികസിക്കൽ,ക്ഷീണം, ചുഴലിരോഗലക്ഷണങ്ങൾ,ബോധക്ഷയം.

സൂര്യാതപം

സൂര്യാഘാതത്തെക്കാൾ കാഠിന്യംകുറവാണിതിന്. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടും.തൊലിപ്പുറത്ത് പൊള്ളൽ,ചുവന്ന പാടുകൾ എന്നിവയുണ്ടാകും. ശരീരത്തിന് നീറ്റൽ അനുഭവപ്പെടും.

ലക്ഷണങ്ങൾ

ശക്തിയായ വിയർപ്പ്,വിളർത്ത ശരീരം,പേശീവലിവ്,ശക്തിയായ ക്ഷീണം,തലകറക്കം,തലവേദന, ഓക്കാനവും ഛർദ്ദിയും,ബോധക്ഷയം.

​ശ്ര​ദ്ധി​ക്കാൻ വെ​യി​ൽ​ ​ഏ​ൽ​ക്കാ​ൻ​ ​സാ​ദ്ധ്യ​തയു​ള്ള​വ​ർ​ ​മ​ദ്യ​വും ക​ഫീ​നും​ ​അ​ട​ങ്ങി​യ​ ​പാ​നീ​യ​ങ്ങ​ളും​ ​ഭ​ക്ഷ​ണ​ങ്ങ​ളും​ ​പൂ​ർ​ണ​മാ​യി​ ​ഒ​ഴി​വാ​ക്ക​ണം.​ധാ​രാ​ളം​ ​വെ​ള്ളം​ ​ഇ​ട​യ്ക്കി​ടെ​ ​കു​ടിക്ക​ണം.നേ​ർ​ത്ത​ ​വ​സ്ത്ര​ങ്ങ​ളും​ ​തൊ​പ്പി​യും​ ​ധ​രി​ക്കണം.

പ്രഥമശുശ്രൂഷ

സൂര്യാഘാതത്തിന്റെയോ സൂര്യാതപത്തിന്റെയോ ലക്ഷണങ്ങളുള്ള രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ഫാൻ ഉപയോഗിക്കണം, കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റണം. കാലുകൾ ഉയർത്തിവയ്ക്കണം. വെള്ളത്തിൽ നനച്ച തുണി ദേഹത്തിടണം. ധാരാളം വെള്ളം നൽകണം. തുടർന്ന് ഡോക്ടറുടെ സേവനം തേടണം.

വിവരങ്ങൾ :

ഡോ.അനൂപ് പ്രതാപൻ

അസിസ്റ്റന്റ് സർജൻ,ആരോഗ്യവകുപ്പ്