ബ്രഹ്മപുരം; പുകയോട് പോരാടി ഫയർഫോഴ്സ്

Saturday 11 March 2023 12:29 AM IST

തൃക്കാക്കര: ഫയർഫോഴ്സ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ പുരോഗമിക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർഫോഴ്സ് യൂണിറ്റുകളിലെ ഇരുനൂറോളം അഗ്നി രക്ഷാപ്രവർത്തകർ തീ അണയ്ക്കുന്നതിനുള്ള അവസാനഘട്ട ശ്രമങ്ങളിലാണ്.

24 മണിക്കൂറും രണ്ട് ഷിഫ്റ്റായാണ് ഫയർഫോഴ്സ് പ്രവർത്തിക്കുന്നത്. ബ്രഹ്മപുരത്തെ 110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീ പിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യം പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുക പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം മേഖലയിലാണ് പുകയുള്ളത്. പുകയണയ്ക്കാൻ പ്ലാസ്റ്റിക് കൂമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽ നിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക അണയ്ക്കുന്നത്. കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാനാകും. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ അപകടകരമായ സാഹചര്യത്തിലെ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് റീജിയണൽ ഫയർ ഓഫീസർ സുജിത് കുമാർ പറഞ്ഞു.