അൻവറിന്റെ ഗുഡ് മോണിംഗിന് ഇരട്ട റെക്കാഡ്

Saturday 11 March 2023 11:50 AM IST
അൻവർ

ചാലിശേരി: നാലരവർഷം തുടർച്ചയായി രാവിലെ മൊബൈലിൽ ഗുഡ് മോണിംഗ് സന്ദേശം നൽകി ഇരട്ട റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് പെരുമണ്ണൂർ സ്വദേശിയായ അൻവർ (45). 1587 ദിവസം പുലർച്ചെ 4.46ന് വാട്സപ്പിലൂടെ സുപ്രഭാതം സന്ദേശം അയച്ചതിനാണ് റെക്കാർഡ് നേട്ടം കൈവരിച്ചത്. ആദ്യം വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡും ഇപ്പോൾ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡുമാണ് ലഭിച്ചത്.

27 വർഷമായി ഗുജറാത്ത് വാപ്പിയിൽ കെമിക്കൽ മെഷീനറി ഉണ്ടാക്കുന്ന എ.എച്ച് എന്ന എൻജിനീയറിംഗ് കമ്പനി ഉടമയാണ് അൻവർ. രാവിലെ 4.30ന് എഴുന്നേറ്റ് ഷട്ടിൽ കളിക്കാൻ പോകുന്നതിന്റെ ഭാഗമായി കളിക്കാരുടെ വാട്സപ്പ് കൂട്ടായ്മയിലേക്ക് 4.46ന് സുപ്രഭാതം സന്ദേശം നൽകുക ശീലമായിരുന്നു. ആദ്യകാലങ്ങളിൽ എല്ലാ ദിവസവും അഞ്ചുപേർക്കാണ് സന്ദേശം അയച്ചിരുന്നത്. സൃഹൃത്തുക്കളാണ് കൃത്യസമയത്തെക്കുറിച്ച് ചോദിച്ചത്. ഇതോടെയാണ് അൻവർ സമയത്തിലെ കൃത്യത കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയത്.

അപ്‌ഡേഷൻ വന്നതോടെ ബ്രോഡ്കാസ്റ്റ് സംവിധാനം വഴി 137 പേർക്ക് കൃത്യസമയത്ത് മെസേജ് അയക്കുന്നത് ശീലമാക്കി. 2018 ആഗസ്റ്റ് 14 മുതൽ നാലര വർഷമായി പ്രഭാത സന്ദേശം തുടരുന്നുണ്ട്. വ്യതസ്തമായ ഈ നേട്ടത്തിനാണ് രണ്ട് അംഗീകാരം ലഭിച്ചത്. ഇനി ഗിന്നസ് റെക്കാഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഈ യുവാവ്. പെരുമണ്ണൂർ പയ്യൂര് വളപ്പിൽ മുഹമ്മദ്- നഫീസ ദമ്പതിമാരുടെ അഞ്ചാമത്തെ മകനാണ്. ഭാര്യ: സൽമ. വിദ്യാർത്ഥികളായ അൻഷാദ്, റിൻഷാദ് എന്നിവർ മക്കളാണ്.