ഐ. എ. എസ് സ്വപ്‌നം: പരീക്ഷാ ചൂടിൽ 30,000 പേർ

Saturday 11 March 2023 12:00 AM IST
p

തിരുവനന്തപുരം:ഇന്ത്യയിലെ ഏറ്റവും ഗ്ലാമറുള്ള,​ ഏറ്റവും കഠിനമായ സിവിൽ സർവീസ് പരീക്ഷയുടെ ചൂടിലമർന്ന് കേരളം. മേയ് 28നാണ് പ്രിലിമിനറി പരീക്ഷ. തയ്യാറെടുക്കുന്നത് 30,000ലേറെ പേർ. ഐ. എ. എസ് ആണ് വലിയ സ്വപ്‌നം. വർഷങ്ങളായി പഠിക്കുന്നവരുണ്ട്. പാർട്ട് ടൈം ജോലിക്കാരും വീട്ടമ്മമാരും ജോലി ഉപേക്ഷിച്ചവരും ഉണ്ട്. യു. പി. എസ്. സിയുടെ അഗ്നിപരീക്ഷയിൽ പലതവണ പരാജയപ്പെട്ടവരുമുണ്ട്. ഐ. എ. എസ് മോഹത്തിൽ വീണ്ടും വീണ്ടും ശ്രമിക്കുന്നവർ. പരന്ന വായനയ്ക്കൊപ്പം കുറിപ്പുകളും രഹസ്യ കോഡുകളും ഒരുക്കിയുമാണ് തയ്യാറെടുപ്പ്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി ചോദ്യങ്ങൾക്ക് പ്രാധാന്യമുണ്ട്. കോവിഡും വായുമലിനീകരണവും ഉയർന്ന ചെലവും കാരണം ഡൽഹിയിൽ പരിശീലനത്തിന് പോകുന്നവ‌ർ കുറഞ്ഞു. ഇപ്പോൾ തിരുവനന്തപുരവും എറണാകുളവുമാണ് പരിശീലന ഹബ്ബുകൾ. തിരുവനന്തപുരത്ത് സർക്കാരിന്റെ അക്കാഡമി ഉൾപ്പെടെ മുപ്പതോളം പരിശീലന കേന്ദ്രങ്ങൾ. റെഗുലർ, ഓൺലൈൻ ക്ലാസുകളും ഒബ്‌ജക്ടീവ് പരീക്ഷകളും നടത്തുന്നു.

ഹൈടെക് ക്ലാസുകൾ പരിശീലനം ഹൈടെക്ക് ആയി. മുൻപ് ലൈബ്രറികൾ ആയിരുന്നു ആശ്രയം. ഇപ്പോൾ സ്‌മാർട്ട് ഫോൺ ധാരാളം. യാത്രയിൽ ഹെഡ് സെറ്റിലൂടെ ക്ലാസ് കേട്ട് പഠിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ്സ് വരെയുണ്ട്. ബൈജൂസ്, ബംഗളുരുവിലെ അൺഅക്കാഡമി എന്നിവയുടെ ഓൺലൈൻ ട്യൂട്ടോറിയലുകൾ. ക്ലാസിൽ പോകാത്തവർക്ക് റെക്കോർഡഡ് ക്ലാസുകൾ. സൂം, കാൾ പ്ലസ്, ഗൂഗിൾ മീറ്റ്. പരീക്ഷാ ഭാഗങ്ങൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യുന്ന മാരത്തോൺ ക്ലാസുകൾ. ചില ക്ലാസുകൾ 12 മണിക്കൂർ വരെ. ഇതിനൊപ്പം ശരീരവും മനസും ഒരുക്കാൻ വ്യായാമവും, മെഡിറ്റേഷനും.

ഒഴിവുകൾ കുറവ്, മത്സരം കടുപ്പം!

ഇക്കൊല്ലം മൊത്തം 1105 ഒഴിവുകൾ

ഫോറസ്റ്റ് സർവീസ് 150 ഒഴിവുകൾ

ഐ. എ. എസ് ഒഴിവ് 200 ൽ താഴെ

11 ലക്ഷം ഉദ്യോഗാർത്ഥികൾ

ഫീസ് (പ്രിലിമിനറി & മെയിൻ)

സർക്കാർ അക്കാഡമി 49,600 രൂപ

മറ്റ് സ്ഥാപനങ്ങളിൽ 70,000 - 1,50,000 രൂപ

ഒഴിവുകൾ

2021- 712

2022 -1022

2023- 1105

2022ൽ കേരളത്തിലെ വിജയികൾ 40

ആദ്യ 50 റാങ്കിൽ 6 പേർ

സിലബസ് എത്രവട്ടം വായിക്കുന്നുവോ അത്രയും നല്ലത്. ഐ.എ.എസ് മാത്രമല്ല, താഴെയുള്ള പോസ്റ്റുകളിലേക്കുള്ള യാത്രയും സുഗമമാവും.

എസ്.ശ്രീനിവാസൻ, റിട്ട ഐ.എ.എസ്

മോക്ക് ടെസ്റ്റുകൾ ചെയ്യണം. പഠിച്ച ഭാഗങ്ങളിൽ വ്യക്തത വേണം. അടിസ്ഥാന കാര്യങ്ങൾ പഠിച്ചിട്ടേ ശരാശരിക്ക് മുകളിലുള്ള ചോദ്യങ്ങളിലേക്ക് പോകാവൂ.

ഗോകുൽ ഐ.എ.എസ്, തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ

മൂന്ന് വർഷമായി ഐ.എ.എസിന് ശ്രമിക്കുന്നു.

നാട്ടുകാർ കളിയാക്കാറുണ്ട്. ശ്രമം തുടരും.

ഉദ്യോഗാർത്ഥി