ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവം; കുഴഞ്ഞുമറിഞ്ഞ് അന്വേഷണം

Saturday 11 March 2023 12:01 AM IST

കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ അന്വേഷണം കുഴയുന്നു. നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സി.ഐ റസൽ രാജാണ് കേസന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ കുട്ടിയുടെ മൊഴി പൂർണമായും വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നാണ് പൊലീസ് പറയുന്നത്.

ഏഴാംക്ലാസ് മുതൽ ലഹരി ഉപയോഗിച്ചെന്നും ലഹരിസംഘം തന്നെ കാരിയറാക്കിയെന്നും ഫെബ്രുവരി 19 നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതനുസരിച്ച് പെൺകുട്ടിക്ക് ലഹരിയെത്തിച്ച പൂർവ വിദ്യാർത്ഥി ബോണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം ആഴ്ചകൾ കഴിഞ്ഞിട്ടും മറ്റു പ്രതികളിലേക്കെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ഏറ്റവും അവസാനം പത്തു പേരുടെ ലിസ്റ്റാണ് പൊലീസ് തയ്യാറാക്കിയിരുന്നത്. ഇതിൽ ഒമ്പത് പേർ മലയാളികളും ഒരാൾ ബംഗളുരു സ്വദേശിയുമായിരുന്നു. കേരളത്തിലുള്ള ഒമ്പത് പേരെയും ചോദ്യംചെയ്തിട്ടും കേസിലേക്ക് നയിക്കുന്ന രീതിയിലുള്ള തുമ്പൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. പത്താമത്തെയാൾ കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്നായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ അച്ഛനെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്ന് അങ്ങനെ ഒരാളെ പരിചയമില്ലെന്നാണ് അച്ഛൻ പൊലീസിനെ അറിയിച്ചത്. ഇതോടെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ കുട്ടിയുടെ മൊഴി പൂർണമായും വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, പെൺകുട്ടിക്ക് സ്കൂളിൽ നിന്ന് ലഹരി തന്നു എന്ന് പറയുന്ന വിദ്യാർത്ഥിയുടെ മൊഴിയെടുത്തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. പെൺകുട്ടി നൽകിയ ലിസ്റ്റിലുള്ളവർ പെൺകുട്ടിയുമായി നേരിട്ട് ബന്ധം പുലർത്തിയിട്ടില്ല. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിനാൽ അന്വേഷണം സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

അതേസമയം, വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച സംഭവത്തിൽ സ്കൂളിന് വീഴ്ചയുണ്ടാട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മൊബൈൽ അഡിക്‌ഷനെക്കുറിച്ച് മാത്രമാണ് രക്ഷിതാക്കൾ പറഞ്ഞത് . ഇതനുസരിച്ച് സ്കൂളിൽ കൗൺസിലിംഗ് നൽകുകയും ചെയ്തിരുന്നു. അതിലും പെൺകുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ചികിത്സയ്ക്ക് ശേഷം പെൺകുട്ടി വീട്ടിൽ വിശ്രമത്തിലാണ്.

പെൺകുട്ടി മയക്കുമരുന്നിനടിമയല്ല: പൊലീസ്

പെൺകുട്ടി മയക്കുമരുന്നിന് അടിമപ്പെട്ടിട്ടില്ലെന്നാണ്.ലഹരി വിമുക്തകേന്ദ്രത്തിൽ വിദ്യാർത്ഥിനിയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ചു എന്നല്ലാതെ നിരന്തരമായ ഉപയോഗം ഉണ്ടായിട്ടില്ല. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വിദ്യാർത്ഥിനിയ്ക്ക് ഫോൺ ഉപയോഗം കൂടുതലായിരുന്നെന്നും ലഹരി ഉപയോഗത്തെക്കുറിച്ച് പെൺകുട്ടി കൃത്യമായ വിവരങ്ങൾ മനസിലാക്കിയിരുന്നതായും നിരവധി സെെറ്റുകൾ പരിശോധിച്ചാണ് വിവരങ്ങൾ കരസ്ഥമാക്കിയതെന്നും മെഡിക്കൽ കോളേജ് എസ്.ഐ റസൽരാജ് പറഞ്ഞു.

Advertisement
Advertisement