സാമ്പത്തിക പാക്കേജ്  അനുവദിച്ചില്ല സ്‌പെഷ്യൽ സ്‌ക്കൂളുകൾ സമരത്തിലേക്ക്

Saturday 11 March 2023 12:02 AM IST
school

കോഴിക്കോട്: സ്‌പെഷ്യൽ സ്‌ക്കൂളുകൾക്കുള്ള 2022-23 വർഷത്തെ സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത സർക്കാർ അനാസ്ഥയ്ക്കെതിരെ സ്‌ക്കൂൾ മാനേജ്‌മെന്റും അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിത കാല ഉപവാസ സമരത്തിലേക്ക്. മാർച്ച് 16 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല ഉപവാസ സമരം നടത്തുമെന്ന് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് ഭാരവാഹികൾ അറിയിച്ചു.

2022-23 വർഷത്തെ സാമ്പത്തിക പാക്കേജിനുള്ള ഫണ്ട് അനുവദിച്ചുകൊണ്ട് 2022 ആഗസ്റ്റ് രണ്ടിന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ തുക ഇതുവരെയും നൽകാത്തത് സ്‌ക്കൂളുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2021-22 വർഷത്തിൽ പാക്കേജിൽ സർക്കാർ തുക വെട്ടിക്കുറച്ചിരുന്നു. ഇതോടെ പല സ്‌പെഷ്യൽ സ്‌ക്കൂളുകളും സാമ്പത്തികമായി ഞെരുക്കത്തിലും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. 2018 മുതലാണ് സെപ്ഷ്യൽ സ്‌ക്കൂളുകൾക്ക് സമഗ്ര ആശ്വാസ പാക്കേജ് സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കി നൽകിത്തുടങ്ങുന്നത്. ഇത്തരം സ്‌ക്കൂളുകളിൽ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം സന്ദർശിച്ച് കുട്ടികളുടെ കണക്കും സൗകര്യങ്ങളും വിലയിരുത്തി എ ,ബി ,സി ഗ്രേഡുകളാക്കി തരം തിരിച്ചാണ് പാക്കേജ് വിതരണം ചെയ്തു വന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തുക വെട്ടിക്കുറച്ചും നൽകാതെയും സ്‌ക്കൂളുകളെ വട്ടം ചുറ്റിക്കുന്ന സാഹചര്യമാണുള്ളത്. വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സ്‌പെഷ്യൽ സ്‌ക്കൂളുകളുടെ തീരുമാനം.