ഹയർസെക്കൻഡറി പരീക്ഷ: ചോദ്യങ്ങൾ കുഴപ്പിക്കാതെ ആദ്യദിവസം

Saturday 11 March 2023 12:02 AM IST

തിരുവനന്തപുരം: ചോദ്യ പേപ്പറിന്റെ നിറംമാറിയെങ്കിലും ചോദ്യങ്ങൾ അധികം കുഴപ്പിച്ചില്ലെന്നാണ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ആദ്യദിവസം ഭൂരിഭാഗം വിദ്യാർത്ഥികളുടെയും അഭിപ്രായം. ഒന്നാംവർഷ ഹയർ സെക്കൻഡറിക്ക് അറബിക്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി,കന്നഡ, ലാറ്റിൻ, മലയാളം, റഷ്യൻ,സംസ്കൃതം, സിറിയക്, തമിഴ്, ഉർദു,കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷകളും രണ്ടാം വർഷം സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ് പരീക്ഷകളുമായിരുന്നു. പരീക്ഷകൾ എളുപ്പമായിരുന്നില്ല. എന്നാൽ തീരെ പ്രയാസപ്പെടുത്തിയതുമില്ല എന്ന് വിദ്യാർത്ഥികൾ പറയുന്നു.

പരീക്ഷകൾ നടക്കുന്ന മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ശിവൻകുട്ടി സന്ദർശനം നടത്തി. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളോട് മന്ത്രി ആശയവിനിമയം നടത്തി. ആത്മവിശ്വാസത്തോടെ പരീക്ഷ പൂർത്തിയാക്കണമെന്ന് മന്ത്രി കുട്ടികളെ ഉപദേശിച്ചു. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്‌ടർ ഡോ.എസ്.എസ്.വിവേകാനന്ദൻ, തിരുവനന്തപുരം ആർ.ഡി.ഡി അശോക് കുമാർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement