വനസംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം വേണം: മന്ത്രി എ.കെ ശശീന്ദ്രൻ

Saturday 11 March 2023 12:04 AM IST
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച സംവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ സംസാരിക്കുന്നു.

കോഴിക്കോട്: ചന്ദനമരം ഉൾപ്പെടെ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ നിന്നും കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഇതിനായി ഉദ്യോഗസ്ഥ തലത്തിൽ ചർച്ച വേണം. ചേംബർ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സർക്കാരിന് നൽകണമെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ഭരണഘടനാബാദ്ധ്യത നിലനിൽക്കെ വകുപ്പ്, വനം വന്യജീവി സംരക്ഷണമായതിനാൽ ക്ഷുദ്രജീവി വിഷയത്തിൽ രണ്ടിന്റെയും നൂൽപാലത്തിലൂടെയാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നതെന്ന് മന്ത്രി വിശദികരിച്ചു. ക്ഷുദ്ര ജീവികളിൽ നിന്ന് ജീവന് ഭീഷണി നേരിടുമ്പോൾ അവയെ വെടിവെച്ച് കൊല്ലാനുളള അധികാരമേ നൽകിയിട്ടുള്ളൂ. തിന്നാൻ അനുവാദമില്ല. ബഫർസോൺ വിഷയത്തിൽ സർക്കാർ നിലപാട് ബിഷപ്പുമാരെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്താൻ സാധിച്ചു. ഇതോടെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങിയത്. ഇതിൽ നിയമപരമായേ മന്നോട്ടുപോകാൻ കഴിയുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കല്ലായിലെ മരവ്യവസായം സംബന്ധിച്ച വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്യാമെന്ന് ചേംബർ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി.പി ദേവസി അദ്ധ്യക്ഷത വഹിച്ചു. സുബൈർ കൊളക്കാടൻ, ടി.പി അഹമ്മദ് കോയ, എം.മുസമ്മിൽ പ്രസംഗിച്ചു. ചേംബർ സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി സ്വാഗതവും ട്രഷറർ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.