വില കുറച്ച് ആധാരം രജിസ്ട്രേഷൻ: ഒറ്റത്തവണ തീർപ്പാക്കൽ അവസാനിപ്പിക്കുന്നു

Saturday 11 March 2023 12:04 AM IST

തിരുവനന്തപുരം: വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്തവർക്ക് കുടിശിക തുക അടയ്ക്കാൻ നൽകിവന്ന ഒറ്റത്തവണ തീർപ്പാക്കൽ സൗകര്യം അവസാനിപ്പിക്കുന്നു. മാർച്ച് 31 ന് മുമ്പ് കുടിശിക തീർക്കാത്തവർക്കെതിരെ ഏപ്രിൽ ഒന്നു മുതൽ രജിസ്ട്രേഷൻ വകുപ്പ് റവന്യു റിക്കവറി നടപടികൾ തുടങ്ങും.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി

കണക്കിലെടുത്താണിത്.

1986 ജനുവരി ഒന്നു മുതൽ 2017 മാർച്ച് 31 വരെ വില കുറച്ച് രജിസ്റ്റർ ചെയ്തതായി അണ്ടർവാല്യുവേഷൻ റിപ്പോർട്ട് നൽകിയിട്ടുള്ള കുടിശിക കേസുകളിലാണ് ഒറ്റത്തവണ തീർപ്പാക്കൽ അനുവദിച്ചിരുന്നത്. രണ്ടര ലക്ഷത്തോളം പേരാണ് കുടിശിക അടയ്ക്കാനുള്ളത്. 200 കോടിയാണ് ഈ ഇനത്തിൽ പ്രതീക്ഷിക്കുന്നത്. വസ്തുവുമായി ബന്ധപ്പെട്ട ബാദ്ധ്യത തീരുമെങ്കിലും കൂടുതൽ ഭൂമിയുടെ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളവർക്ക് ഒന്നിച്ച് കുടിശിക അടയ്ക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാവും. അധികം അടയ്ക്കേണ്ട മുദ്രപ്പത്രവിലയുടെ 30 ശതമാനമാണ് കുടിശിക ഇനത്തിൽ നൽകേണ്ടത്. രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും.

വസ്തുവിന് ആധാരത്തിൽ കാണിക്കുന്ന വിലയുടെ എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസുമാണ് രജിസ്ട്രേഷൻ സമയത്ത് അടയ്ക്കേണ്ടത്. 1986-ൽ അണ്ടർവാല്യുവേഷൻ നിലവിൽ വന്നതോടെ, ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ഭൂമിക്ക് കാണിക്കുന്ന വില കുറവെന്ന് സബ് രജിസ്ട്രാർക്ക് തോന്നിയാൽ ജില്ലാ രജിസ്ട്രാർക്ക് അണ്ടർവാല്യുവേഷൻ റിപ്പോർട്ട് അയയ്ക്കാം . റിപ്പോർട്ടിൻ പ്രകാരം ആധാര കക്ഷിക്ക് കൂടിയ വിലയുടെ അടിസ്ഥാനത്തിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാൻ നോട്ടീസ് അയയ്ക്കും . ഈ തുക അടയ്ക്കാതിരിക്കുന്നവർക്കാണ് 2016 മുതൽ ഒറ്റത്തവണ തീർപ്പാക്കൽ കൊണ്ടുവന്നത്. 2010 ഏപ്രിൽ ഒന്നിന് ന്യായവില നിലവിൽ വന്നതോടെ വില കുറച്ചുകാട്ടിയുള്ള രജിസ്ട്രേഷനിൽ കുറവ് വന്നു. 2017 ന് ശേഷം വില കുറച്ച് കാട്ടി നടന്നിട്ടുള്ള രജിസ്ട്രേഷനുകളും പരിശോധിച്ചു വരുകയാണ്. ഒരു ലക്ഷത്തോളം കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

വില കുറവാണോ

എന്നറിയാൻ

ഭൂമിയുടെ സമീപത്തുള്ള റോഡുകളടക്കമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന വില രേഖപ്പെടുത്താതെ രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തിയ കേസുകളിലാണ് കുടിശിക ഈടാക്കുന്നത്. വില കുറച്ചാണോ ആധാരം രജിസ്റ്രർ ചെയ്തിട്ടുള്ളതെന്ന് www.keralaregistration.gov.in /pearlpublic വെബ്സൈറ്റ് ലിങ്കിൽ നിന്നറിയാം.