വി.സി ചുമതലയ്ക്ക് അനുമതി തേടിയില്ല സിസാ തോമസിന് ഷോക്കോസ്

Saturday 11 March 2023 12:05 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ.സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകി സർക്കാർ. സർക്കാരിന്റെ അനുമതി നേടാതെ സാങ്കേതിക സർവകലാശാലാ വി.സി ചുമതല ഏറ്റെടുത്തത് സർവീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്നും അച്ചടക്ക, വകുപ്പുതല നടപടിയെടുക്കാതിരിക്കാൻ 15ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നുമാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിആവശ്യപ്പെട്ടിരിക്കുന്നത്.

ചുമതലയേറ്റ് അഞ്ചു മാസത്തിനു ശേഷമാണ് നോട്ടീസ്. 31ന് വിരമിക്കുന്ന സിസാതോമസിനെതിരെ പ്രതികാര നടപടിയെടുക്കാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായി നിയമിക്കേണ്ടി വന്നിരുന്നു.

സാങ്കേതിക വി.സിയായിരുന്ന ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനെത്തുടർന്ന് വി.സിയുടെ ചുമതല കൈമാറാൻ ഡിജിറ്റൽ വാഴ്സിറ്റി വി.സി ഡോ.സജി ഗോപിനാഥ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിതാറോയി എന്നിവരുടെ പേരുകൾ സർക്കാർ നൽകിയെങ്കിലും ഗവർണർ നിരസിച്ചു. സിസാ തോമസിന് ചുമതല നൽകി ഉത്തരവിറക്കുകയായിരുന്നു. സിസയെ അയോഗ്യയാക്കണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

സിൻഡിക്കേറ്റുമായി പോരടിച്ചാണ് സിസാതോമസ് വി.സി ചുമതലയിൽ തുടരുന്നത്.