ഫ്രീഡം സ്‌ക്വയറിന് ഐ.ഐ.എ ദേശീയ അവാർഡും

Saturday 11 March 2023 12:05 AM IST
ബീച്ചിലെ ഫ്രീഡംസ്ക്വയർ

കോഴിക്കോട്: കോഴിക്കോടിന്റെ മുഖമുദ്ര‌യായി മാറിയ ബീച്ചിലെ ഫ്രീഡം സ്‌ക്വയറിന് ഐ.ഐ.എ ദേശീയ ആവാർഡ്. സാമൂഹിക പ്രതിബദ്ധതയുള്ള നിർമിതികളുടെ വിഭാഗത്തിൽ മികച്ച രൂപകത്പ്പനയ്ക്കാണ് അവാർഡ്. ഡീ എർത്ത് ആർക്കിടെക്‌ടിന്റെ നേതൃത്വത്തിൽ ആർക്കിടെക്ടുകളായ വിവേക് പി.പി, നിഷാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്രീഡം സ്‌ക്വയർ രൂപകത്പ്പന ചെയ്തത്. കിയാര ലൈറ്റിംഗ് ആണ് ലൈറ്റിംഗ് ഡിനൈനർ.

എ. പ്രദീപ് കുമാർ എം.എൽ.എയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് തുക വകയിരുത്തി ഐ.ഐ.എ കോഴിക്കോട് സെന്ററിന്റെ പങ്കാളിത്തത്തോടെ 2020ലാണ് കോഴിക്കോട് ബീച്ചിൽ ഫ്രീഡം സ്‌ക്വയർ നിർമാണം പൂർത്തിയാക്കിയത്. പൊതുജന നന്മ മുൻനിർത്തി ഐ.ഐ.എ കാലിക്കറ്റ് സെന്റർ സഹകരിച്ച് കോഴിക്കോട് നഗരത്തിൽ നടപ്പാക്കിയ നിരവധി പദ്ധതികളിൽ ഒന്നാണ് ഫ്രീഡം സ്‌ക്വയർ. ഫ്രീഡം സ്ക്വയർ അക്ഷരാർത്ഥത്തിലും പ്രതീകാത്മകമായും ഒരു നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്നും പ്രാദേശിക നിർമാണ വസ്തുക്കൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ജനങ്ങൾക്കായുള്ള നിർമിതിയാണിതെന്നും ജൂറി വിലയിരുത്തി.

പൊതുസ്ഥലത്തെ മികച്ച ഡിസൈനിനുള്ള ട്രെൻഡ്‌സ് അവാർഡിനും പൊതു സ്ഥലത്തെ മികച്ച ലാൻഡ്‌സ്‌കേപ്പ് പ്രൊജക്ടിനുള്ള ഓൾ ഇന്ത്യ സ്‌റ്റോൺ ആർക്കിടെക്ചർ അവാർഡും നേരത്തെ ഫ്രീഡം സ്‌ക്വയറിനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും സജീവമായ പൊതു ഇടങ്ങളിലൊന്നാണ് ഇന്ന് ഫ്രീഡം സ്‌ക്വയർ. ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ സ്ഥിരംവേദി കൂടിയാണ് ഇവിടം. ആർക്കിടെക്ചർ ഡിസൈൻ ഡോട്ട് ഇൻ വഴി ലോകത്തിലെ ഒൻപത് അർബൻ മ്യൂസിയങ്ങളിൽ ഒന്നായി ഫ്രീഡം സ്‌ക്വയർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.