സി.പി.ഐ എതിർത്തു, വ്യവസായത്തിന് ഭൂമിയിളവ് വ്യവസ്ഥ മാറ്റം ഒഴിവാക്കി

Saturday 11 March 2023 12:06 AM IST

തിരുവനന്തപുരം: വ്യാവസായികാവശ്യങ്ങൾക്ക് ഭൂമിയിളവ് അനുവദിക്കുമ്പോൾ ഏക്കറൊന്നിന് പത്ത് കോടിയും 20 തൊഴിലവസരങ്ങളും നീക്കിവയ്ക്കണമെന്ന നിലവിലെ വ്യവസ്ഥ മാറ്റാനുള്ള നിർദ്ദേശം സി.പി.ഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് വേണ്ടെന്നുവച്ചു.

കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് സി.പി.ഐ ഇക്കാര്യത്തിൽ ശക്തമായി വിയോജിച്ചത്. പത്ത് കോടി അല്ലെങ്കിൽ 20 തൊഴിലവസരങ്ങൾ എന്ന നിലയിലേക്ക് വ്യവസ്ഥ മാറ്റാനായിരുന്നു നിർദ്ദേശം. ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് യോഗത്തിൽ പങ്കെടുത്ത വ്യവസായമന്ത്രി പി. രാജീവാണ് മുന്നോട്ടുവച്ചത്. എന്നാൽ, ഇത് മിച്ചഭൂമി ഇല്ലാതാക്കുമെന്നും ഭൂപരിഷ്കരണ നിയമത്തെത്തന്നെ അട്ടിമറിക്കുമെന്നും സി.പി.ഐയെ പ്രതിനിധീകരിച്ച റവന്യുമന്ത്രി കെ. രാജൻ വാദിച്ചു. മിച്ചഭൂമി കേസുകൾ സംബന്ധിച്ച നിലവിലെ സ്ഥിതിവിവരക്കണക്കുകൾ സഹിതമാണ് രാജൻ വിഷയത്തിൽ വാദഗതികളുയർത്തിയത് എന്നാണ് വിവരം. ഇതേത്തുടർന്ന് മുഖ്യമന്ത്രി തന്നെ ഇടപെട്ട് വ്യവസ്ഥ നിലവിലുള്ളതുപോലെ തുടർന്നാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ഭൂപരിഷ്കരണ നിയമപ്രകാരം 15 ഏക്കർ വരെയുള്ള ഭൂമിയാണ് ഒരാൾക്ക് കൈവശം വയ്ക്കാനാവുക. 15 ഏക്കറിന് മുകളിൽ വരുന്ന ഭൂമി മിച്ചഭൂമിയാണ്. തോട്ടങ്ങൾക്ക് നേരത്തേ ഇതിൽ ഇളവുണ്ട്. വ്യാവസായികാവശ്യങ്ങൾക്കായി 15 ഏക്കറിന് മുകളിൽ ഭൂമി അനുവദിക്കാൻ 2016ൽ തീരുമാനമെടുത്തപ്പോഴാണ് അത് വ്യാവസായികാവശ്യത്തിന് തന്നെയാണെന്ന് ഉറപ്പാക്കാനായി ഏക്കറൊന്നിന് പത്ത് കോടിയും 20 തൊഴിലുകളും ഉടമ ഉറപ്പാക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. അത് രേഖാമൂലം സാക്ഷ്യപ്പെടുത്തിയാലേ ഭൂമിയിളവ് അനുവദിക്കൂ.